മലപ്പുറം: പ്ലാസ്റ്റിക് മാലിന്യ കമ്പനിക്കെതിരെ പരാതികളുമായി സര്‍ക്കാര്‍ ഓഫീസ് കയറിയിറങ്ങി അവസാനം ആത്മഹത്യ ചെയ്ത പുളിക്കലിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
റസാഖ് പയമ്പ്രോട്ടിന്റെ മരണത്തില്‍ ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് ആവശ്യപ്പെട്ടു. ജീവന് തുല്യം സ്നേഹിക്കുന്ന പാര്‍ട്ടിയില്‍ നിന്നും നീതി ലഭിക്കാതെ നിരാശനായി ജീവനൊടുക്കിയ ആ മനുഷ്യന് നീതി കിട്ടണമെന്നും ജോയ് ആവശ്യപ്പെട്ടു.
ഇന്നലെ രാവിലെയാണ് റസാഖിനെ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ സഞ്ചിയുടെ ബാഗും ഒരു ബോര്‍ഡും തൂക്കിയിരുന്നു.
വീടിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് പഞ്ചായത്ത് പ്രസിഡന്റ് ഒത്താശ ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണ് ജീവനൊടുക്കിയതെന്നാണ് ആക്ഷേപം. മരണത്തിന് ഉത്തരവാദി പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റാണെന്ന് സഹോദരന്‍ ജമാല്‍ ആരോപിച്ചു.