സീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് ജൂണ്‍ 12 മുതല്‍ 16 വരെ; അസാധാരണ സമ്മേളനം വത്തിക്കാന്റെ നിര്‍ദേശ പ്രകാരം

സീറോ മലബാര്‍ സഭയുടെ അടിയന്തര സിനഡ് ജൂണ്‍ 12 മുതല്‍ 16 വരെ; അസാധാരണ സമ്മേളനം വത്തിക്കാന്റെ നിര്‍ദേശ പ്രകാരം

ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് അടിയന്തര സിനഡിന്റെ മുഖ്യ ലക്ഷ്യം.

കൊച്ചി: സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ അടിയന്തര സിനഡ് സമ്മേളനം ജൂണ്‍ 12 മുതല്‍ 16 വരെ ചേരും. സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലാണ് സിനഡ് ചേരുന്നത്. വത്തിക്കാന്റെ നിര്‍ദേശ പ്രകാരമാണ് അസാധാരണ സിനഡ് വിളിച്ചു കൂട്ടിയിട്ടുള്ളത്.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം.

സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് വിളിച്ചു ചേര്‍ത്തുകൊണ്ടുള്ള ഔദ്യോഗിക ഡിക്രി സിനഡ് അംഗങ്ങളായ മെത്രാന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്.

സീറോ മലബാര്‍ സഭയുടെ പെര്‍മനന്റ് സിനഡ് അംഗങ്ങള്‍ വത്തിക്കാനില്‍ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരമൊരു അടിയന്തര സിനഡ് സമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശ പ്രകാരം സീറോ മലബാര്‍ സഭയിലെ എറണാകുളം-അങ്കമാലി അതിരൂപത ഒഴികെയുള്ള മുഴുവന്‍ രൂപതകളും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണ രീതി നടപ്പാക്കിയിരുന്നു.

എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശം അംഗീകരിക്കാന്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.