അരിക്കൊമ്പന്റെ ആക്രമണം; ചികിത്സയിലിരുന്ന ആള്‍ മരിച്ചു

അരിക്കൊമ്പന്റെ ആക്രമണം; ചികിത്സയിലിരുന്ന ആള്‍ മരിച്ചു

ഇടുക്കി: കമ്പത്ത് ഉണ്ടായ അരിക്കൊമ്പന്റെ ആക്രമണത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു. കമ്പം സ്വദേശി പാല്‍രാജാണ് മരിച്ചത്. അരിക്കൊമ്പന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.

അരിക്കൊമ്പന്‍ തകര്‍ത്ത ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന ആളാണ് പാല്‍രാജ്. കഴിഞ്ഞ ദിവസം കമ്പം ടൗണില്‍ ഇറങ്ങിയ അരിക്കൊമ്പന്‍ പരിഭ്രാന്തിയില്‍ ഓടുന്നതിനിടെ, വലിയ തോതിലുള്ള നാശനഷ്ടമാണ് വരുത്തിയത്. നിരവധി വാഹനങ്ങള്‍ നശിപ്പിച്ചു.

അതിനിടെ ഒരു ഓട്ടോറിക്ഷ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ ഓട്ടോയിലെ ഡ്രൈവറായിരുന്നു ഇയാള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അരിക്കൊമ്പന്റെ ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാല്‍രാജിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.