കോപ്പി-പേസ്റ്റ് ചോദ്യങ്ങള്‍; തയ്യാറാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്കൊരുങ്ങി പി.എസ്.സി

കോപ്പി-പേസ്റ്റ് ചോദ്യങ്ങള്‍; തയ്യാറാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്കൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ തുടര്‍ച്ചയായി വിവാദങ്ങളും വിമര്‍ശനങ്ങളും ഉയരുന്ന സാഹചര്യത്തില്‍ കടുത്ത നടപടി ക്കൊരുങ്ങി പി.എസ്.സി. ചോദ്യങ്ങള്‍ പകര്‍ത്തി ചോദ്യപേപ്പര്‍ തയാറാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് പി.എസ്.സിയുടെ നീക്കം.

ഗൈഡുകളില്‍ നിന്നും മറ്റ് ആപ്പുകളില്‍ നിന്നും ചോദ്യങ്ങള്‍ അതേപടി പേപ്പറിലേയ്ക്ക് പകര്‍ത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിന് പിന്നാലെ ഇത് സംബന്ധിച്ച് വിലയിരുത്തിയതിന് ശേഷമാണ് പി.എസ്.സി കനത്ത നടപടിയ്ക്ക് ഒരുങ്ങുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന പി.എസ്.സിയുടെ പ്ലംബര്‍ പരീക്ഷയുടെ 90 ശതമാനം ചോദ്യങ്ങളും ഒരു ഗൈഡില്‍ നിന്ന് പകര്‍ത്തിയതാണെന്ന വാര്‍ത്ത മുന്‍പ് പുറത്ത് വന്നിരുന്നു. കോപ്പി പേസ്റ്റ് വസ്തുതയാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിന്നാലെ തന്നെ പി.എസ്.സി പരീക്ഷ റദ്ദാക്കി. ചോദ്യ കര്‍ത്താവിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ചോദ്യകര്‍ത്താവിനെതിരെ സ്വീകരിച്ച ഈ നടപടി ചോദ്യങ്ങള്‍ പകര്‍ത്തുന്നതിന് തടയുന്നതിനുള്ള മതിയായ ശിക്ഷ ആകില്ലെന്ന വിലയിരുത്തലിലാണ് ശക്തമായ നടപടികളിലേക്ക് കടക്കാന്‍ പി.എസ്.സി തയ്യാറായത്.

ചോദ്യങ്ങള്‍ അപ്പാടെ പകര്‍ത്തുകയോ മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറില്‍ ഉള്ളത് അതേപടി ആവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് പരീക്ഷാ കണ്‍ട്രോളര്‍ ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ ഇതിലും ഫലം കണ്ടില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തിലാണ് അശ്രദ്ധമായി ചോദ്യങ്ങള്‍ തയാറാക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ പി.എസ്.സി തീരുമാനമെടുത്തത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.