തിരുവനന്തപുരം: എക്സൈസ് കുടുംബങ്ങളും ലഹരിമുക്തമല്ലെന്ന് എക്സൈസ് കമ്മീഷണര്‍ എസ്. ആനന്ദകൃഷ്ണന്‍. ലഹരിയുടെ തള്ളിക്കയറ്റത്തില്‍ നിന്നും നമ്മുടെ കുടുംബങ്ങള്‍ പോലും മുക്തരല്ല. നമ്മുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ ഇത്തരം അപകടങ്ങളില്‍ ചെന്നു ചാടുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ സ്വന്തം ജീവന്‍ നല്‍കിയും പൊലീസ് സുരക്ഷ നല്‍കേണ്ടതായിരുന്നുവെന്ന് പൊതുസമൂഹത്തില്‍ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ആനന്ദകൃഷ്ണന്‍ പറഞ്ഞു. പൊലീസ് ഈ കാര്യത്തില്‍ ചെയ്തത് ശരിയായിരുന്നോ എന്നെല്ലാം വാദങ്ങള്‍ ഉയരുന്നുണ്ട്. പൊലീസ് ഡ്യൂട്ടിയുടെ അടിസ്ഥാന പ്രമാണം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നുള്ളതാണ്. സ്വന്തം ജീവന്‍ നല്‍കിയും ആ ചുമതല നിറവേറ്റണം എന്നാണ് പൊതു സമൂഹം പ്രതീക്ഷിക്കുന്നത് എന്നും ആനന്ദകൃഷ്ണന്‍ ഓര്‍മ്മപ്പെടുത്തി.
പൊലീസുകാരില്‍ കുറച്ചുപേരെങ്കിലും സമാധാനത്തിനും സംഘര്‍ഷം കുറയ്ക്കാനും എന്ന കാരണം പറഞ്ഞ് ലഹരിയുടെ വഴി തേടുന്നുണ്ടെന്നും ആനന്ദകൃഷ്ണന്‍ വ്യക്തമാക്കി.