തീ കത്തിപ്പടരാന്‍ ബോഗിയിലേക്ക് ഇന്ധനമൊഴിച്ചത് ജനല്‍ച്ചില്ല് പൊട്ടിച്ചെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ചു

തീ കത്തിപ്പടരാന്‍ ബോഗിയിലേക്ക് ഇന്ധനമൊഴിച്ചത് ജനല്‍ച്ചില്ല് പൊട്ടിച്ചെന്ന് പ്രാഥമിക നിഗമനം; അന്വേഷണം ആരംഭിച്ചു

കണ്ണൂര്‍: ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയില്‍ തീ പടരാന്‍ ഇന്ധനമൊഴിച്ചത് കോച്ചിന്റെ ജനല്‍ച്ചില്ല് തകര്‍ത്താണെന്ന് പ്രാഥമിക നിഗമനം. കത്തിനശിച്ച ബോഗിയുടെ ടോയ്ലറ്റിനോട് ചേര്‍ന്നുള്ള ജനല്‍ ചില്ല് പൊട്ടിയ നിലയിലാണ്.

ഇതുവഴി കോച്ചിനുള്ളിലേക്ക് ഇന്ധനമൊഴിച്ചെന്ന സംശയമാണ് ബലപ്പെടുന്നത്. എന്നാല്‍ പൊലീസോ റെയില്‍വേയോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ആദ്യം ബാത്ത്‌റൂമിന്റെ സൈഡിലാണ് തീ കണ്ടതെന്നും പൊടുന്നനെ ബോഗി കത്തിയമരുകയായിരുന്നു എന്നുമാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്.

അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി തീ പിടിച്ച ബോഗി പൊലീസ് സീല്‍ ചെയ്തു. കൈയില്‍ പിടിച്ച ക്യാനുമായി ഒരാള്‍ ബോഗിയിലേക്ക് നടന്നു വരുന്ന സി.സി ടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ടെങ്കിലും അത് വ്യക്തമല്ല. ഇത് പൊലീസിനെ കുഴയ്ക്കുന്നുണ്ട്. എല്ലാം പൊലീസ് തെളിയിക്കട്ടെ എന്നാണ് അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ പറയുന്നത്.

കോഴിക്കോട് എലത്തൂരില്‍ ഷാരൂഖ് സെയ്ഫി തീവച്ച അതേ ട്രെയിനില്‍ ഇന്ന് പുലര്‍ച്ചെയാണ് വീണ്ടും തീപിടിത്തം ഉണ്ടായത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ ഏറ്റവും പുറകിലെ മൂന്നാമത്തെ ജനറല്‍ കോച്ചിലാണ് അഗ്‌നിബാധ ഉണ്ടായത്. ബോഗി പൂര്‍ണമായും കത്തി നശിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.