'ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാന്‍ ശ്രമം; ശ്രദ്ധ 12 പേപ്പറുകളില്‍ തോറ്റിരുന്നു': കാഞ്ഞിരപ്പള്ളി രൂപത

'ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തെരഞ്ഞു പിടിച്ച് ആക്രമിക്കാന്‍ ശ്രമം; ശ്രദ്ധ 12 പേപ്പറുകളില്‍ തോറ്റിരുന്നു': കാഞ്ഞിരപ്പള്ളി രൂപത

സമരം ചില തല്‍പര കക്ഷികള്‍ ആസൂത്രണം ചെയ്തതാണെന്ന് വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍.

കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധത്തില്‍ പ്രതികരണവുമായി സിറോ മലബാര്‍ സഭ കാഞ്ഞിപ്പള്ളി രൂപത.

സമരം ചില തല്‍പര കക്ഷികള്‍ ആസൂത്രണം ചെയ്തതാണെന്ന് വികാരി ജനറാള്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തെരഞ്ഞു പിടിച്ച് ആക്രമിക്കാന്‍ ശ്രമം നടക്കുന്നു. ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രദ്ധ വീട്ടില്‍ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവം ഉണ്ടായത്. ഒന്നാം തിയതി റിസള്‍ട്ട് വന്നപ്പോള്‍ ശ്രദ്ധ 16 പേപ്പറുകളില്‍ 12 ലും പരാജയപ്പെട്ടിരുന്നെന്നും വികാരി ജനറാള്‍ പറഞ്ഞു.

2023 മെയ് മാസം മുഴുവന്‍ സര്‍വകലാശാലയുടെ പ്രഖ്യാപിത അവധി ആയിരുന്നതിനാല്‍ ജൂണ്‍ ഒന്നിനാണ് ശ്രദ്ധ ലേഡീസ് ഹോസ്റ്റലില്‍ എത്തിയതെന്ന് കോളജ് മാനേജ്‌മെന്റ് വ്യക്തമാക്കി.

പിറ്റേന്ന് രാത്രി എട്ട് മണിയോടെ ശ്രദ്ധയ്‌ക്കൊപ്പം മുറിയില്‍ താമസിച്ചിരുന്നവര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയത്താണ് ശ്രദ്ധ ആത്മഹത്യാ ശ്രമം നടത്തിയതായി കാണപ്പെട്ടത്. ഉടന്‍ തന്നെ ഏറ്റവും അടുത്തുള്ള മേരി ക്യൂന്‍സ് ആശുപത്രിയില്‍ എത്തിച്ചു.

ഇതേസമയം വിവരം പൊലീസിനെയും രക്ഷിതാക്കളെയും അറിയിച്ചിരുന്നു. ഏറ്റവും സുതാര്യതയതോടെയായിരുന്നു കാര്യങ്ങള്‍ എല്ലാം ചെയ്തത്. നിര്‍ഭാഗ്യവശാല്‍ കുട്ടിയെ രക്ഷിക്കാനായില്ലെന്നും തെറ്റിധാരണ പരത്തുന്ന കാരണങ്ങള്‍ പലതും പ്രചരിപ്പിക്കുന്നത് ഏറെ വേദനാജനകമാണെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

സുതാര്യമായ അന്വേഷണത്തിലൂടെ കാരണങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ട് കെ. കാര്‍ത്തിക്കിന് കത്ത് സമര്‍പ്പിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ നിയമ സംവിധാനങ്ങളുടെ ഏത് അന്വേഷണത്തിനും എല്ലാ സഹകരണവും നല്‍കുമെന്നും കോളജ് മാനേജ്‌മെന്റ് വ്യക്തമാക്കി.

അതേസമയം ശ്രദ്ധയുടെ ആത്മഹത്യ അന്വേഷിക്കാന്‍ സാങ്കേതിക സര്‍വകലാശാല നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ നാളെ കോളജില്‍ എത്തി തെളിവെടുപ്പ് നടത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനും നാളെ കോളജിലെത്തി മാനേജ്‌മെന്റുമായും വിദ്യാര്‍ഥികളുമായും ചര്‍ച്ച നടത്തും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.