കൊച്ചി: സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സേ(സേവ് ഇയര്‍), ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് പിഴകൂടാതെ പണമടയ്ക്കാനുള്ള തീയതി നാല് ദിവസമാക്കി ചുരുക്കിയതും പിഴത്തുക വര്‍ധിപ്പിച്ചതും വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിലാക്കി.
കഴിഞ്ഞ മെയ് 25 നാണ് പ്ലസ്ടു പരീക്ഷാ ഫലം പുറത്തുവന്നത്. സേ പരീക്ഷയ്ക്ക് പിഴകൂടാതെ പണമടയ്ക്കാനുള്ള തീയതി 29 വരെയായിരുന്നു. അതിലൊരു ദിവസം അവധി ദിനമായ ഞായറാഴ്ചയും. ഫലത്തില്‍ മൂന്നു ദിവസമേ വിദ്യാര്‍ത്ഥികള്‍ക്ക് പണമടയ്ക്കാനുള്ള സാവകാശം ലഭിച്ചിരുന്നുള്ളൂ. അതിന് ശേഷം സൂപ്പര്‍ഫൈന്‍ 600 രൂപ വാങ്ങിയാണ് അപേക്ഷ സ്വീകരിച്ചത്. അതും രണ്ട് ദിവസം മാത്രം.
മുന്‍ വര്‍ഷങ്ങളില്‍ പണമടയ്ക്കാന്‍ കൂടുതല്‍ സമയം നല്‍കിയിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. 20 രൂപ പിഴയില്‍ ഒരു ഘട്ടമുണ്ടായിരുന്നു.
അതില്ലാതെയാണ് ഇത്തവണ സൂപ്പര്‍ ഫൈനിലേക്ക് കടന്നതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. മാത്രമല്ല നാട്ടിലില്ലാത്തവര്‍ക്കും പല സ്ഥലത്ത് യാത്ര പോയവര്‍ക്കും സമയത്തിന് അപേക്ഷിക്കാന്‍ അവസരം കിട്ടിയിരുന്നില്ല. ഇതേച്ചൊല്ലി സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും തര്‍ക്കത്തിലേര്‍പ്പെടുന്ന സാഹചര്യവും ഉണ്ടായി.