കൊച്ചി: സംസ്ഥാനത്ത് ജൂൺ ഏഴാം തീയതി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചു വന്നതിനു ശേഷം തുടർ നടപടികൾ തീരുമാനിക്കും. പെർമിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിലായതിനാലും, വിദ്യാർത്ഥി കൺസഷൻ റിപ്പോർട്ട് ജൂൺ 15നു ശേഷം മാത്രമേ സർക്കാരിന് ലഭിക്കുകയുള്ളൂ എന്നതിനാലുമാണ് സമരം മാറ്റി വയ്ക്കുന്നതെന്ന് ബസ് ഉടമകൾ അറിയിച്ചു.
നേരത്തെ സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക, ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾ തുടരാൻ അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ യാത്രയ്ക്ക് പ്രായ പരിധി നിശ്ചയിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചിരുന്നത്.