ഒഡീഷ ട്രെയിന്‍ അപകടം; അന്വേഷണം പൂര്‍ത്തിയായി, അപകട കാരണം കണ്ടെത്തിയെന്ന് റെയില്‍വേ മന്ത്രി

ഒഡീഷ ട്രെയിന്‍ അപകടം; അന്വേഷണം പൂര്‍ത്തിയായി, അപകട കാരണം കണ്ടെത്തിയെന്ന് റെയില്‍വേ മന്ത്രി

ബാലസോര്‍: ഒഡീഷ ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തിയെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംഭവത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയായെന്നും അപകട കാരണം അടക്കമുള്ള വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാലസോറിലെ റെയില്‍വേ ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ ഇന്നത്തോടെ പൂര്‍ത്തിയാകുമെന്നും എല്ലാം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അപകടത്തിന്റെ മൂലകാരണം എന്താണെന്ന് കണ്ടെത്തി. മൃതദേഹങ്ങളെല്ലാം സംഭവ സ്ഥലത്തുനിന്ന് മാറ്റിയിട്ടുണ്ട്. ട്രാക്കിന്റെ പണി ഇന്ന് തന്നെ തീര്‍ക്കും.

ബുധനാഴ്ച രാവിലെയോടെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ തീവ്ര ശ്രമത്തിലാണ് റെയില്‍വേ. രാവും പകലും ആയിരത്തിലധികം തൊഴിലാളികള്‍ ഇവിടെ പണിയെടുക്കുന്നുണ്ട്. മണ്ണുമാന്തി യന്ത്രങ്ങളും, ക്രെയിനുകളുമൊക്കെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.

അതേസമയം മരിച്ച 288 പേരില്‍ ഇരുന്നൂറ്റി അറുപതിലധികം പേരെ തിരിച്ചറിഞ്ഞുവെന്ന് അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.