ഇരുചക്ര വാഹനത്തില്‍ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി യാത്ര ചെയ്യാം; വിഐപികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഗതാഗത മന്ത്രി

ഇരുചക്ര വാഹനത്തില്‍ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി യാത്ര ചെയ്യാം; വിഐപികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിക്ക് കൂടി യാത്ര ചെയ്യാം. പിഴ ഈടാക്കില്ല. എന്നാല്‍ നല് വയസിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാണ്.

റോഡ് നിയമ ലംഘനത്തിന് നാളെ രാവിലെ എട്ട് മുതല്‍ എഐ ക്യാമറ പിഴ ചുമത്തി തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് ഇരുചക്ര വാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ കേന്ദ്രം അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെ ഇരുചക്രവാഹനത്തില്‍ 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കും. ഇതിന് പിഴ ഈടാക്കുന്നതല്ല എന്നും ആന്റണി രാജു പറഞ്ഞു.

നിലവില്‍ ഗതാഗത നിയമ ലംഘനം സംബന്ധിച്ച് ഉയര്‍ന്നു വരുന്ന പരാതികള്‍ നല്‍കാന്‍ സംവിധാനമില്ല. എന്നാല്‍ ഇനി മുതല്‍ അതത് പ്രദേശത്തെ എന്‍ഫോഴ്മെന്റ് ആര്‍ടിഒമാര്‍ക്ക് നേരിട്ട് അപ്പീല്‍ നല്‍കാവുന്നതാണ്.

രണ്ട് മാസത്തിനുള്ളില്‍ ഓണ്‍ലൈന്‍ വഴിയും അപ്പീല്‍ നല്‍കാന്‍ സംവിധാനം ഒരുക്കും. ഇതോടെ നിരപരാധികള്‍ക്കെതിരെ നടപടി സ്വീകരിച്ചു എന്ന ആക്ഷേപം ഒഴിവാക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്് 692 എഐ ക്യാമറകളാണ് നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. 34 ക്യാമറകള്‍ കൂടി വരും ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

എഐ ക്യാമറ പിഴയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. വിഐപികള്‍ക്ക് കേന്ദ്ര മാനദണ്ഡം പ്രകാരമുള്ള ഇളവുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു.

അതേസമയം ക്യാമറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് എഐ ക്യാമറകള്‍ സ്ഥാപിച്ച ഇടങ്ങളില്‍ കോണ്‍ഗ്രസ് നാളെ ധര്‍ണ നടത്തും.

നാളെ മുതല്‍ ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതിരിക്കുക, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗം, അനധികൃത പാര്‍ക്കിങ്, ചുവപ്പ് സിഗ്‌നല്‍ ലംഘനം, മൂന്ന് പേരുമായി ഇരുചക്രവാഹന യാത്ര എന്നിവക്ക് പിഴ ചുമത്തും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.