മലപ്പുറത്ത് വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; 140 ഓളം പേര്‍ ആശുപത്രിയില്‍

മലപ്പുറത്ത് വിവാഹ സത്കാരത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ; 140 ഓളം പേര്‍ ആശുപത്രിയില്‍

മലപ്പുറം: എരമംഗലത്ത് വിവാഹ സത്കാരത്തിനിടെ ഭക്ഷ്യ വിഷബാധയേറ്റ 140 ഓളം പേര്‍ ആശുപത്രിയില്‍. പെരുമ്പടപ്പ് അയിരൂര്‍ സ്വദേശിയുടെ മകളുടെ വിവാഹ തലേന്ന് കിളയിലെ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ശനിയാഴ്ച രാത്രിയായിരുന്നു വിവാഹ ചടങ്ങ്. പൊന്നാനി കറുകത്തിരുത്തിയില്‍ നിന്ന് വരന്റെ കൂടെയെത്തിവര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായി.

ഞായറാഴ്ച ഉച്ചയോടെ നിരവധി പേര്‍ വയറിളക്കവും ഛര്‍ദിയും പനിയുമായി ആശുപത്രികളില്‍ ചികിത്സ തേടിയപ്പോഴാണ് ഭക്ഷ്യ വിഷബാധയാണെന്ന് അറിയുന്നത്. വിരുന്നില്‍ മന്തിയാണ് വിളമ്പിയത്. അതോടൊപ്പമുണ്ടായിരുന്ന മയോണൈസ് കഴിച്ചവര്‍ക്കാണ് കൂടുതലായും ഭക്ഷ്യവിഷബാധയുണ്ടായത്.

യുവാക്കള്‍ക്കും മധ്യവയസ്‌കര്‍ക്കുമാണ് കൂടുതലായും ഭക്ഷ്യ വിഷബാധയേറ്റത്. വിവിധ ആശുപത്രികളില്‍ ചികിത്സതേടിയ 140 ഓളം പേരില്‍ 29 കുട്ടികളും 18 സ്ത്രീകളും ഉള്‍പ്പെടും. ആശുപത്രിയില്‍ ചികിത്സയിലുള്ളവരില്‍ ഗുരുതരവസ്ഥയില്‍ ആരുമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.