എഐ ക്യാമറകള്‍ മിഴി തുറന്നു; ഇന്ന് മുതല്‍ പിഴ: 12 വയസില്‍ താഴെയുള്ള കുട്ടിക്ക് ബൈക്ക് യാത്രക്ക് ഇളവ്

എഐ ക്യാമറകള്‍ മിഴി തുറന്നു; ഇന്ന് മുതല്‍ പിഴ: 12 വയസില്‍ താഴെയുള്ള കുട്ടിക്ക് ബൈക്ക് യാത്രക്ക് ഇളവ്

തിരുവനന്തപുരം: എതിര്‍പ്പുകള്‍ക്കും വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്തെ എഐ ക്യാമറകള്‍ മിഴി തുറക്കുന്നു. രാവിലെ എട്ട് മുതല്‍ ക്യാമറകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളില്‍ 692 എണ്ണമാണ് പിഴ ഈടാക്കുക. 24 മണിക്കൂറും ക്യാമറകള്‍ പ്രവര്‍ത്തിക്കും. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒന്നേമുക്കാല്‍ ലക്ഷം വരെ നിയമലംഘനങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മോട്ടോര്‍ വാഹനവകുപ്പ്.

ഇരുചക്ര വാഹനം ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല പിന്നിലിരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ഹെല്‍മറ്റില്ലങ്കില്‍ പിഴ 500 രൂപയാണ്. 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ മൂന്നാമനായി ബൈക്കില്‍ കൊണ്ടുപോകാം. മൂന്നമത്തെയാള്‍ മുതിര്‍ന്നവരാണെങ്കില്‍ പിഴ ആയിരം നല്‍കണം.

നാലു വയസിന് മുകളിലുള്ളവര്‍ ഹെല്‍മറ്റ് ധരിക്കണം. കാര്‍ യാത്രക്കാര്‍ക്ക് സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാണ്. ഗര്‍ഭിണിയായാലും പ്രായമുള്ളവരായാലും കുട്ടികളായുമെല്ലാം സീറ്റ് ബല്‍റ്റ് നിര്‍ബന്ധമാണ്. പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് വേണമെങ്കിലും തല്‍കാലം പിഴയീടാക്കില്ല. സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്നാല്‍ പിഴ 500 രൂപയാണ്.

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2000 രൂപ പിഴയീടാക്കും. കൂടാതെ നോ പാര്‍ക്കിങ് ഏരിയായിലോ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തിലോ വാഹനം പാര്‍ക്ക് ചെയ്താലും പിഴ വരും.അതുപോലെ ഒരു ട്രാഫിക് സിഗ്‌നലില്‍ റെഡ് ലൈറ്റ് കത്തിക്കിടക്കുമ്പോള്‍ അത് മറികടന്ന് പോയാലും ക്യാമറ കണ്ടെത്തും.

നിലവില്‍ ക്യാമറകള്‍ ഉള്ള സ്ഥലത്ത് ഇപ്പോള്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകള്‍ ദിവസേന കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. റോഡ് ക്യാമറയുടെ പിഴയീടാക്കല്‍ ഓഡിറ്റിംഗിന് വിധേയമാണെന്നും പിഴയില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.