പിരിച്ചുവിടുമെന്ന് പറഞ്ഞിട്ടും മാറ്റമില്ല; കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപറേഷൻ റവന്യൂ ഉദ്യോ​ഗസ്ഥൻ പിടിയിൽ

പിരിച്ചുവിടുമെന്ന് പറഞ്ഞിട്ടും മാറ്റമില്ല; കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപറേഷൻ റവന്യൂ ഉദ്യോ​ഗസ്ഥൻ പിടിയിൽ

തൃശൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ കോർപ്പറേഷൻ റവന്യൂ ഇൻസ്‌പെക്ടർ നാദിർഷ വിജിലൻസ് പിടിയിൽ. കണിമംഗലം സ്വദേശിയിൽ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.

അമ്മയുടെയും സഹോദരിയുടെയും പേരിലുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി കോർപ്പറേഷൻ കണിമംഗലം മേഖല ഓഫീസിൽ പരാതിക്കാരൻ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൽ റവന്യൂ ഇൻസ്‌പെക്ടറായ നാദിർഷ സ്ഥലം പരിശോധന പൂർത്തിയാക്കിയിരുന്നു. എന്നാൽ ഉടമസ്ഥാവകാശം മാറ്റുന്നതിന് 2000 രൂപ നൽകണമെന്ന് നാദിർഷ ആവശ്യപ്പെട്ടതോടെ പരാതിക്കാരൻ പനമുക്ക് കൗൺസിലർ രാഹുലിനെ വിവരം അറിയിക്കുകയായിരുന്നു.

റവന്യൂ ഇൻസ്‌പെക്ടർ ആവശ്യപ്പെട്ട 2000 രൂപ കൈക്കൂലി ആണെന്ന് മനസിലാക്കിയ പരാതിക്കാരൻ കൗൺസിലർ രാഹുലിന്റെ നിർദേശാനുസരണം വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഫിനോൾഫ്തലിൻ പുരട്ടി വിജിലൻസ് നൽകിയ നോട്ടാണ് പരാതിക്കാരൻ നാദിർഷയ്ക്ക് നൽകിയത്. പണം നാദിർഷ സ്വീകരിക്കുന്ന സമയം ഡിവൈഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.