എ.ഐ ക്യാമറ മിഴിതുറന്നപ്പോള്‍ എല്ലാവരും മര്യാദക്കാര്‍; നിയമലംഘനം കുറഞ്ഞെന്ന് ഗതാഗത വകുപ്പ്

എ.ഐ ക്യാമറ മിഴിതുറന്നപ്പോള്‍ എല്ലാവരും മര്യാദക്കാര്‍; നിയമലംഘനം കുറഞ്ഞെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: എ.ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്. പിഴ ചുമത്തി തുടങ്ങുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷമായിരുന്നു നിയമ ലംഘനങ്ങളുടെ എണ്ണം. എന്നാല്‍, ഇന്നലെ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ ആകെ 28,891 നിയമലംഘനങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്.

പിഴ ഈടാക്കി തുടങ്ങിയെങ്കിലും പ്രതിഷേധവും തെളിവ് നിരത്തലും സജീവമാക്കാനാണ് പ്രതിപക്ഷ നീക്കം.
ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കൊല്ലം ജില്ലയിലാണ് 4,778. മലപ്പുറത്തു 545 നിയമ ലംഘനങ്ങള്‍ മാത്രമാണ് ക്യാമറയില്‍ പതിഞ്ഞത്. തിരുവനന്തപുരം- 4362, പത്തനംതിട്ട- 1177, ആലപ്പുഴ- 1288, കോട്ടയം. 2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂര്‍-3995, പാലക്കാട്-1007, കോഴിക്കോട്-1550 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്.

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എഐ ക്യാമറ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. സേഫ് കേരള പദ്ധതി പ്രകാരം സ്ഥാപിച്ചിട്ടുള്ള 726 ക്യാമറകളില്‍ 692 എണ്ണമാണ് പിഴ ഈടാക്കുക. 24 മണിക്കൂറും ക്യാമറകള്‍ പ്രവര്‍ത്തിക്കും. ഇരുചക്ര വാഹനയാത്രക്കാര്‍ രണ്ട് കാര്യങ്ങള്‍ സൂക്ഷിക്കണം.

ഓടിക്കുന്നയാള്‍ക്ക് മാത്രമല്ല പിന്നിലിരിക്കുന്നയാള്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാണ്. ഹെല്‍മറ്റില്ലങ്കില്‍ പിഴ 500 രൂപയാണ്. രണ്ടാമത്തെ കാര്യം ഓവര്‍ലോഡിങാണ്. ഡ്രൈവറുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് അനുവാദം. മൂന്നോ അതിലധികമോ ആയാല്‍ 1000 രൂപ പിഴയാകും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.