ചേനപ്പാടിയിലെ ഉഗ്രസ്ഫോടന ശബ്ദം; ഭൗമശാസ്ത്ര പഠനസംഘം എത്തി

ചേനപ്പാടിയിലെ ഉഗ്രസ്ഫോടന ശബ്ദം; ഭൗമശാസ്ത്ര പഠനസംഘം എത്തി

കോട്ടയം: എരുമേലി ചേനപ്പാടിയില്‍ ഭൂമിയ്ക്ക് അടിയില്‍ നിന്ന് സ്ഫോടന ശബ്ദം കേട്ട മേഖലയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഭൗമ ശാസ്ത്ര പഠന കേന്ദ്രം ശാസ്ത്രഞ്ജന്‍ ഡോ. പത്മ റാവൂ, സാങ്കേതിക വിഭാഗത്തിലെ എല്‍ദോസ് കുര്യാക്കോസ് എന്നിവരാണ് പ്രദേശത്ത് സന്ദര്‍ശനം നടത്തി വിവരം ശേഖരിച്ചത്.
നാല് ദിവസങ്ങള്‍ക്കുള്ളില്‍ വിവരങ്ങള്‍ ശേഖരിച്ച് വിശകലനം നടത്തി തുടര്‍ പരിശോധന സംബന്ധിച്ച് ഭൗമശാസ്ത്ര ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും.

ഇക്കാര്യത്തില്‍ തുടര്‍നടപടി സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ കളക്ടര്‍ക്കും ശുപാര്‍ശ നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാകും യന്ത്രസഹായത്തോടെയുള്ള ശാസ്ത്രീയ പരിശോധനയുടെ ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.

ഇടയാറ്റുകാവ്, പുറപ്പ, ചെറുനാരകം, അലിന്‍ചുവട്, ചേനപ്പാടി ടൗണ്‍, കിഴക്കേക്കര ലക്ഷം വീട് കോളനി, കാക്കല്ല് എന്നീ പ്രദേശങ്ങളിലായാണ് സന്ദര്‍ശനം നടത്തിയത്. മണിമലയാറിലെ ഇടശേരിപ്പടി ഭാഗത്തെ കിണറുകളും സംഘം പരിശോധിച്ചിരുന്നു.

മുന്‍പ് സമാന സംഭവങ്ങളില്‍ നാല് സാഹചര്യങ്ങളാണ് ഭൗമ ശാസ്ത്ര പഠന കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ചില പ്രദേശത്ത് മാത്രം ഭൂമിക്കടിയിലുണ്ടാകുന്ന ചലനങ്ങള്‍, ഭൂമിക്കടിയില്‍ അമിതമായി മര്‍ദ്ദമുണ്ടാകുന്നത്, മനുഷ്യ നിര്‍മിതം ( അതായത് തോട്ട പൊട്ടിക്കുക, ക്വാറി സ്ഫോടനം, ബോധ പൂര്‍വ്വം സ്ഫോടന ശബ്ദം സൃഷ്ടിക്കുക എന്നിവ), ഭൂമികുലുക്കം തുടങ്ങിയവയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.