ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഉത്കണ്ഠ അറിയിച്ച് കെസിബിസി

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ ഉത്കണ്ഠ അറിയിച്ച് കെസിബിസി

കൊച്ചി: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജില്‍ ആസൂത്രിതമായി അരങ്ങേറിയ സംഘര്‍ഷാവസ്ഥയില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി (കെസിബിസി) ഉത്കണ്ഠയും ദുഖവും പ്രകടിപ്പിച്ചു. മരിച്ച വിദ്യാര്‍ഥിനിയുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കു ചേരുന്നതായും മെത്രാന്‍ സമിതി അറിയിച്ചു.

ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന്റെ സംരക്ഷണവും ശ്രദ്ധയും അടിയന്തരമായി ഉണ്ടാകണമെന്ന് സമിതിക്കുവേണ്ടി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആവശ്യപ്പെട്ടു.. നീതിപൂര്‍വ്വമായ അന്വേഷണത്തോടും നടപടികളോടും സഭ പൂര്‍ണമായി സഹകരിക്കുമെന്നും ബാവ വ്യക്തമാക്കി.

ശ്രദ്ധയുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ പോലീസ് അന്വേഷണത്തിലൂടെ കണ്ടത്തണമെന്ന് ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ പി.ആര്‍ ജാഗ്രതാ സമതികളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.

എന്നാല്‍ പോലീസിന്റെ കൃത്യമായ നിഗമനങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പുതന്നെ അവാസ്തവമായ ആരോപണങ്ങളിലൂടെ മാനേജ്‌മെന്റിനെയും അധ്യാപകരെയും ഹോസ്റ്റല്‍ അധികൃതരെയും പ്രതിക്കൂട്ടില്‍ നിര്‍ത്താനും വൈദികരെയും സന്യസ്തരെയും അപകീര്‍ത്തിപ്പെടുത്തുവാനുമുള്ള ശ്രമങ്ങള്‍ തികച്ചും അപലപനീയമാണ്.

കോളേജിനെതിരെ വിദ്യാര്‍ത്ഥികളെ തെറ്റിധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന ശ്രമങ്ങളും വര്‍ഗീയ ലക്ഷ്യത്തോടെ ഗൂഢസംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും തുടരാന്‍ അനുവദിക്കാവുന്നതല്ല.

അക്കാദമിക രംഗത്തെ നിയമങ്ങള്‍ അനുസരിച്ച് അച്ചടക്കത്തോടെ പ്രവര്‍ത്തിച്ച് സമൂഹത്തിനും രാഷ്ട്രത്തിനും മികച്ച സംഭാവനകള്‍ നല്‍കുന്ന ക്രിസ്ത്യന്‍ മാനേജ്‌മെന്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളില്‍ നിന്ന് രാഷ്ട്രീയ കക്ഷികള്‍ പിന്‍മാറുകയും ആവശ്യമായ സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും വേണം.

നീതി നിഷേധവും അതിക്രമങ്ങളും ഇനിയും തുടര്‍ന്നാല്‍ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ക്രൈസ്തവ സമൂഹം നിര്‍ബന്ധിതമാകുമെന്നും യോഗം വ്യക്തമാക്കി.

ചൊവ്വാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളിലെ ജാഗ്രതാസമിതി ഡയറക്ടര്‍മാരായ ഫാ. ജയിംസ് കൊക്കാവയലില്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. സ്റ്റാന്‍ലി പുള്ളോലില്‍, ചങ്ങനാശേരി അതിരൂപതാ പിആര്‍ഒ അഡ്വ.ജോജി ചിറയില്‍, കാഞ്ഞിരപ്പള്ളി രൂപതാ എകെസിസി പ്രസിഡണ്ട് ജോമി കൊച്ചുപറമ്പില്‍ എന്നിവരും വൈദികരും സമര്‍പ്പിതരും അത്മായരുമുള്‍പ്പെടുന്ന സമിതി അംഗങ്ങളും സംബന്ധിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.