വിമാനത്തിലെ പ്രതിഷേധം: ഇപിക്കെതിരായ കേസ് എഴുതിത്തള്ളുന്നു; പരാതി കളവെന്ന് പൊലീസ് റിപ്പോർട്ട്‌

വിമാനത്തിലെ പ്രതിഷേധം: ഇപിക്കെതിരായ കേസ് എഴുതിത്തള്ളുന്നു; പരാതി കളവെന്ന് പൊലീസ് റിപ്പോർട്ട്‌

തിരുവനന്തപുരം: വിമാനത്തിലെ പ്രതിഷേധത്തിൽ ഇ.പി. ജയരാജനെതിരെ എടുത്ത കേസ് അവസാനിപ്പിക്കുന്നു. യൂത്ത് കോൺഗ്രസിന്റെ പരാതിയിലെടുത്ത കേസാണ് അവസാനിപ്പിക്കുന്നത്. 

പരാതി കളവെന്ന് കാണിച്ച് വലിയതുറ പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കേസ് എഴുതിത്തള്ളുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ പരാതിക്കാരന് നോട്ടീസ് അയച്ചു. 

2022 ജൂൺ 13 നായിരുന്നു സംഭവം. കണ്ണൂരില്‍ നിന്ന് ഉച്ചക്ക് ശേഷം 3.22 പുറപ്പെട്ട വിമാനം തിരുവനന്തപുരത്ത് ഇറങ്ങിയ ഉടനെയായിരുന്നു മുഖ്യമന്ത്രിക്ക് നേരെ രണ്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ്(28), കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ. നവീന്‍കുമാര്‍ (34) എന്നിവരാണ് പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഉള്‍പ്പെടെ മൂന്നാളുടെ പേരില്‍ കേസെടുത്തു. 

വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി വലിയതുറ പോലീസാണ് കേസെടുത്തത്.

എന്നാല്‍ തങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുദ്രാവാക്യം വിളിച്ച് പ്രതിഷേധമറിയിക്കുക മാത്രമാണ് ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. മദ്യപിച്ചാണ് എത്തിയതെന്ന ഇ.പി. ജയരാജന്റെ ആരോപണം അസത്യമാണെന്നും ഇവര്‍ പറഞ്ഞു.

അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസില്‍ മൊഴിനല്‍കിയിരുന്നു. ഇതേവിഷയത്തില്‍ എയര്‍പോര്‍ട്ട് മാനേജരും പരാതി നല്‍കി. ഇത് രണ്ടിന്റെയും അടിസ്ഥാനത്തിലാണ് കേസ്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ ഇ.പി. ജയരാജൻ പ്രതിഷേധക്കാരെ തള്ളി നിലത്തിട്ട് ചവിട്ടുന്നത് കാണാം. ഈ സംഭവമാണ് വ്യാജ പരാതി എന്ന നിലയിൽ പൊലീസ് റിപ്പോർട്ട്‌ നൽകിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.