തിരുവനന്തപുരം: അതിതീവ്ര ചുഴലിക്കാറ്റായ ബിപോര്‍ജോയ് സൂപ്പര്‍ സൈക്ലോണ്‍ ആയി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ മഴ കനക്കും.
എട്ട് ജില്ലകളില്‍ ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോട്് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മിതമായ മഴയ്ക്കും സാധ്യതയുണ്ട്.
ജൂണ്‍ 12 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. അതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, മധ്യ-കിഴക്കന്‍ അറബിക്കടലില്‍ വീശുന്ന ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രമായി വടക്ക് ദിശയില്‍ സഞ്ചരിക്കുകയാണ്. നിലവില്‍ ഗോവ തീരത്ത് നിന്ന് 860 കിലോമീറ്റര്‍ അകലെയായുള്ള ബിപോര്‍ജോയ് ചുഴലിക്കാറ്റിന് മണിക്കൂറില്‍ 160 കിലോമീറ്റാണ് വേഗം.