'പിരിവ് വീരന്‍, നാടക നടന്‍ പാലോടന്‍; അഹങ്കാരമൂര്‍ത്തി പറവൂര്‍ രാജാവ്'; തിരുവനന്തപുരം ഡിസിസി പ്രസിഡന്റിനും സതീശനുമെതിരെ പോസ്റ്ററുകള്‍

'പിരിവ് വീരന്‍, നാടക നടന്‍ പാലോടന്‍; അഹങ്കാരമൂര്‍ത്തി പറവൂര്‍ രാജാവ്'; തിരുവനന്തപുരം ഡിസിസി പ്രസിഡന്റിനും സതീശനുമെതിരെ പോസ്റ്ററുകള്‍

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റിനും പ്രതിപക്ഷനേതാവ് വി.ഡി സതീശനുമെതിരെ തലസ്ഥാനത്ത് വിവിധയിടങ്ങളില്‍ പോസ്റ്ററുകള്‍. 'കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് വില്‍പ്പനയ്ക്ക്' എന്നാണ് കെപിസിസി.ഓഫീസിന് മുന്നിലടക്കം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍.

'വില്‍പ്പനയ്ക്ക്... കോണ്‍ഗ്രസ് പാര്‍ട്ടി പോസ്റ്റ് ഫോര്‍ സെയില്‍.. കോണ്‍ടാക്ട് പാലോടന്‍ ആന്‍ഡ് പറവൂരന്‍ കമ്പനി, തലസ്ഥാന ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്ത് തരിപ്പണമാക്കിയ പിരിവ് വീരന്‍, നാടക നടന്‍ പാലോടന്റെയും അഹങ്കാരമൂര്‍ത്തി പറവൂര്‍ രാജാവിന്റേയും നടപടിയില്‍ പ്രതിഷേധിക്കുക... സേവ് കോണ്‍ഗ്രസ് ഫോറം' എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനത്തില്‍ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധങ്ങളുണ്ട്. പുനസംഘടനയില്‍ എ, ഐ ഗ്രൂപ്പുകളെ തഴഞ്ഞുവെന്നതാണ് അവരുടെ പരാതി. ഇത് പരസ്യമാക്കി മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു.

തങ്ങളെ വിശ്വാസത്തിലെടുക്കാതെ കെ. സുധാകരന്‍-വി.ഡി സതീശന്‍-കെ.സി വേണുഗോപാല്‍ ഗ്രൂപ്പുകള്‍ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനങ്ങള്‍ പങ്കിട്ടെടുത്തുവെന്നാണ് ഇരു ഗ്രൂപ്പുകളും ഉയര്‍ത്തുന്ന ആക്ഷേപം.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.