തിരുവനന്തപുരം: സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്കും സെപ്റ്റംബര്‍ ഒന്നു മുതല്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ ബസുകളിലും മറ്റ് ഹെവി വാഹനങ്ങളിലും ഡ്രൈവറും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം.
സെപ്റ്റംബര്‍ ഒന്നു മുതല്‍ പുതിയ ചട്ടം പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍മാരും മുന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ എഐ കാമറ കണ്ടെത്തും. ഇവര്‍ക്കു നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് ഇവ ഉപയോഗിക്കാതിരിക്കല്‍, സിഗ്നല്‍ ലംഘനം, ഡ്രൈവിങിനിടെ മൊബൈല്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം യാത്രക്കാര്‍, നോ പാര്‍ക്കിങ്, അതിവേഗം എന്നിവ കണ്ടെത്തുന്നതിനുള്ള എഐ കാമറകള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതിനു പിന്നാലെയാണ് പുതിയ ചട്ടം.
നിയമലംഘനത്തിന് നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളില്‍ പിഴ അടക്കേണ്ടി വരും. 90 ദിവസം കഴിഞ്ഞേ കോടതിയെ സമീപിക്കൂ. 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാനും സൗകര്യമുണ്ട്.
എന്നാല്‍ എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമ ലമഘനങ്ങള്‍ക്ക് കൃത്യമായി നോട്ടീസ് അയയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. സാങ്കേതിക തകരാറാണ് ഇതിന് കാരണമായി പറയുന്നത്.