കൊച്ചി: ശ്രദ്ധ സതീഷിന്റെ ആത്മഹത്യയെ തുടര്‍ന്നുള്ള പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിന് പൊലീസ് സംരക്ഷണം നല്‍കാന്‍ നിര്‍ദ്ദേശം. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് മാനേജ്‌മെന്റിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.
ഒരു മാസത്തേക്ക് സുരക്ഷയൊരുക്കാനാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കോട്ടയം ജില്ലാ പൊലീസ് മേധാവി, കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ എന്നിവര്‍ക്കാണ് സുരക്ഷ ഒരുക്കേണ്ട ചുമതല നല്‍കിയിരിക്കുന്നത്.
ജസ്റ്റിസ് നഗരേഷാണ് കേസ് പരിഗണിച്ചത്. കോളജില്‍ ഇപ്പോഴും സമരം നടക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. ഇതുമൂലം അഡ്മിഷന്‍ നടപടികള്‍ തടസപ്പെട്ടുവെന്നും പരാതി ഉന്നയിച്ചിരുന്നു. അതേസമയം കോളജില്‍ നൂറോളം പൊലീസുകാര്‍ ഇപ്പോഴുമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഹര്‍ജിയില്‍ എതിര്‍ കക്ഷികളായ രാഷ്ട്രീയ-യുവജന സംഘടനകള്‍ക്ക് പ്രത്യേക ദൂതന്‍ മുഖേന നോട്ടീസ് നല്‍കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.