കൊച്ചി: മധ്യകിഴക്കന്‍ അറബിക്കടലിന് മുകളില്‍ ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്-വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള മൂന്നു ദിവസം വടക്ക്-വടക്ക് പടിഞ്ഞാറ് ദിശയിലും വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവില്‍ ഗോവയില്‍ നിന്ന് 690 കിലോ മീറ്റര്‍ പടിഞ്ഞാറും മുംബൈയില്‍ നിന്ന് 640 കിലോ മീറ്റര്‍ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറുമായി മണിക്കൂറില്‍ 145 കിലോ മീറ്റര്‍ വേഗത്തിലാണ് കൊടുങ്കാറ്റ് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കര്‍ണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളില്‍ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ശക്തമായ തിരമാലയുടെയും കാറ്റിന്റെയും പശ്ചാത്തലത്തില്‍ കേരള, ഗുജറാത്ത്, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്നവര്‍ക്കും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ കാലവര്‍ഷം എത്തിയെങ്കിലും പ്രതീക്ഷിച്ചത്ര മഴ പെയ്തില്ല. ഇന്ന് അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകള്‍ക്ക് മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ അടുത്ത നാല് ദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റോട് കൂടിയ മഴ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ജൂണ്‍ 10, 11 തിയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന്് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.