ആള്‍മാറാട്ട കേസ്: കാട്ടാക്കട കോളജിന് ഒന്നര ലക്ഷം പിഴയിട്ട് കേരള സര്‍വകലാശാല; 39 കൗസിലര്‍മാരെ അയോഗ്യരാക്കി

ആള്‍മാറാട്ട കേസ്: കാട്ടാക്കട കോളജിന് ഒന്നര ലക്ഷം പിഴയിട്ട് കേരള സര്‍വകലാശാല; 39 കൗസിലര്‍മാരെ അയോഗ്യരാക്കി

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ എസ്എഫ്‌ഐ നേതാവായിരുന്ന വിശാഖ് നടത്തിയ ആള്‍മാറാട്ടവുമായി ബന്ധപ്പെട്ട് കോളജിന് കേരള സര്‍വകലാശാല സിന്റിക്കേറ്റ് 1.56 ലക്ഷം രൂപ പിഴയിട്ടു. ആള്‍മാറാട്ടം കണ്ടെത്തിയതിലൂടെ സര്‍വകലാശാല തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം മാനദണ്ഡങ്ങള്‍ ലംഘിച്ച് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച 39 യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ (യുയുസി) മാരെയും അയോഗ്യരാക്കി.

കേരള സര്‍വകലാശാലയിലെ 183 അഫിലിയേറ്റഡ് കോളജുകളില്‍ നിന്നുള്ള യുയുസിമാരെയാണ് അയോഗ്യരാക്കിയത്. പ്രായപരിധി ലംഘിച്ച് മത്സരിച്ചതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റാണ് തീരുമാനമെടുത്തത്. പ്രായപരിധി കഴിഞ്ഞവരും നിയമാനുസരണം മത്സരിക്കാന്‍ യോഗ്യതയില്ലാത്തവരുമാണ് ഇവരെന്ന് സിന്‍ഡിക്കേറ്റ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ കൗണ്‍സിലറായി വിജയിച്ച വിദ്യാര്‍ഥിനിക്ക് പകരം നേതാവായ വിശാഖിന്റെ പേരാണ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയെ അറിയിച്ചത്. പ്രായപരിധി കഴിഞ്ഞതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോലും യോഗ്യതയില്ലാത്ത വിശാഖ് തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള കൗണ്‍സിലറുടെ പട്ടികയില്‍ കയറികൂടുകയായിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെയാണ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള 183 കോളജുകളിലെയും കൗണ്‍സിലര്‍മാരെ കുറിച്ച് പരിശോധിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.