ലോക കേരള സഭയില്‍ പ്രവാസികള്‍ക്കായുള്ള പദ്ധതികളും നിര്‍ദേശങ്ങളുടെ പുരോഗതിയും വിശദീകരിച്ച് മുഖ്യമന്ത്രി

ലോക കേരള സഭയില്‍ പ്രവാസികള്‍ക്കായുള്ള പദ്ധതികളും നിര്‍ദേശങ്ങളുടെ പുരോഗതിയും വിശദീകരിച്ച് മുഖ്യമന്ത്രി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ തുടക്കമായ ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പ്രവാസികള്‍ക്കായുള്ള വിവിധ പദ്ധതികളും അവര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളുടെ പുരോഗതിയും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമേരിക്കന്‍ മേഖലാ സമ്മേളനത്തെ സര്‍ക്കാര്‍ പ്രാധാന്യത്തോടെ കാണുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി സമ്മേളനത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കി.

പ്രവാസ ജീവിതത്തിന്റെ പല തലങ്ങളിലുള്ളവരാണ് വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലുള്ള മലയാളികള്‍. ആ നിലയില്‍ കേരളീയരുള്ള ലോകത്തെ സവിശേഷമായ വിഷയങ്ങളാണ് അമേരിക്കന്‍ മലയാളികള്‍ അഭിമുഖീകരിക്കുന്നത്. വളരെ പ്രാധാന്യത്തോടെയാണ് അമേരിക്കന്‍ മേഖലാ സമ്മേളനത്തെ കേരള സര്‍ക്കാരും ലോക കേരള സഭയും നോര്‍ക്കയുമെല്ലാം നോക്കിക്കാണുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. 

റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവാസി മിത്രം പോര്‍ട്ടല്‍ ആരംഭിച്ചു. പ്രവാസികള്‍ക്കായുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സജ്ജമായി. പ്രവാസികളുടെ വിവര ശേഖരണത്തിനായുള്ള ഡിജിറ്റല്‍ ഡാറ്റാ പ്ലാറ്റ്‌ഫോം രൂപീകരിക്കല്‍ അവസാന ഘട്ടത്തിലാണ്. പ്രവാസികള്‍ക്കുള്ള സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും അവസാന ഘട്ടത്തിലാണ്. 

സമ്മേളനത്തില്‍ ഉയര്‍ന്ന 648 ശുപാര്‍ശകള്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അവലോകനം ചെയ്യുകയും പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ എണ്ണം 67 ആക്കി ചുരുക്കുകയും ചെയ്തു. 11 വിഷയങ്ങള്‍ കേന്ദ്രത്തിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചു. ബാക്കി 56 ശുപാര്‍ശകള്‍ അതത് വകുപ്പുകളുടെ പരിഗണനയിലാണ്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ശുപാര്‍ശകള്‍ കൈകാര്യം ചെയ്ത് വരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.