കൊച്ചി: താടി നീട്ടി വളര്‍ത്തുന്നവര്‍ ഇനി കേരളത്തിലെ നിരത്തുകളില്‍ വാഹനമോടിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ഇല്ലെങ്കില്‍ എഐ ക്യാമറ നല്ല പണി തരും. ഇത്തരത്തില്‍ ആദ്യപണി കിട്ടിയത് ഒരു വൈദികനാണ്.
നീട്ടി വളര്‍ത്തിയ താടിയുള്ള ഫാ.സുനില്‍ തിരുവല്ലയില്‍ ചികിത്സയില്‍ കഴിയുന്ന മാതാപിതാക്കളെ കണ്ട് കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് പോകും വഴിയാണ് എഐ ക്യാമറകള്‍ 'പിടികൂടിയത്'. നീണ്ട താടിയുള്ളതിനാല്‍ സിറ്റ് ബെല്‍റ്റ് ധരിച്ചത് ക്യാമറയില്‍ കണ്ടില്ല. ഒടുവില്‍ പിഴയുമെത്തി.
തിരുവല്ല, കല്ലിശേരി, കോട്ടയം എന്നിവടങ്ങളിലെ എഐ ക്യാമറകളാണ് സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന കാരണം കാണിച്ച് 500 രൂപ വീതം വൈദികന് പിഴയിട്ടത്. അതേസമയം സീറ്റ് ബെല്‍റ്റ് താടി കൊണ്ട് മറഞ്ഞതിനാലാണ് കാണാന്‍ സാധിക്കാത്തതെന്ന് എഐ ക്യാമറയുടെ ചിത്രത്തില്‍ നിന്ന് തന്നെ വ്യക്തമാണ്.
ചെയ്യാത്ത കുറ്റത്തിന് പിഴ വീണതോടെ തന്റെ ഭാഗം വ്യക്തമാക്കാന്‍ വൈദികന് കയറിയിറങ്ങേണ്ടി വന്നത് നിരവധി ഓഫിസുകളാണ്. താടി ഉള്ളതുകൊണ്ട് തന്നെ ഇനിയും തനിക്ക് പിഴ അടക്കേണ്ടി വരുമോയെന്ന സന്ദേഹത്തിലാണ് വൈദികന്.