സതീശന് പിന്നാലെ സുധാകരനെതിരെയും കേസ്: രാഷ്ട്രീയ പകപോക്കല്‍ എന്ന ആരോപണം ശക്തമാക്കാന്‍ പ്രതിപക്ഷം

സതീശന് പിന്നാലെ സുധാകരനെതിരെയും കേസ്: രാഷ്ട്രീയ പകപോക്കല്‍ എന്ന ആരോപണം ശക്തമാക്കാന്‍ പ്രതിപക്ഷം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് കേസെടുത്തതിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ക്രൈംബ്രാഞ്ചും കേസെടുത്തതോടെ പിണറായി സര്‍ക്കാര്‍ മോഡി സര്‍ക്കാരിനെപ്പോലെ രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നു എന്ന ആരോപണം ശക്തമാക്കാന്‍ പ്രതിപക്ഷം.

പ്രളയത്തിനിരയായവര്‍ക്ക് സഹായമെത്തിക്കുന്ന പുനര്‍ജനി പദ്ധതിയില്‍ അനധികൃത വിദേശഫണ്ട് കൈപ്പറ്റിയെന്ന പേരിലാണ് പ്രതിപക്ഷ നേതാവിനെതിരായ വിജിലന്‍സ് കേസ്. പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെടുത്തിയാണ് കെ.സുധാകരനെതിരെ കേസെടുത്തിരിക്കുന്നത്. അദേഹത്തോട് നാളെ കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസിലെ രണ്ട് പ്രധാന നേതാക്കള്‍ക്കെതിരെ കേസെടുത്തതോടെ ദേശീയ തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന രാഷ്ട്രീയ വേട്ടയാടല്‍ ആരോപണമാണ് കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെയും ഉയരുന്നത്.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകയെ ഗൂഢാലോചനക്കേസില്‍ പ്രതി ചേര്‍ത്തത് സര്‍ക്കാരിനെതിരായ ആക്രമണത്തില്‍ പ്രതിപക്ഷത്തിന് ശക്തമായ ആയുധമായിട്ടുണ്ട്. ഇടത് സാംസ്‌കാരിക പ്രവര്‍ത്തകരടക്കം കേസിനെ വിമര്‍ശിച്ച് രംഗത്തെത്തിയതും സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. സി.പി.ഐ അടക്കമുള്ള ഘടക കക്ഷികളും അതൃപ്തി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവിനെതിരായ കേസ് നിലനില്‍ക്കാത്തതാണെന്ന വിമര്‍ശനം ശക്തമായിട്ടും സര്‍ക്കാര്‍ നടപടിയുമായി മുന്നോട്ടു പോയി. ഇര പരിവേഷം ലഭിച്ച അദേഹം സര്‍ക്കാരിനെതിരെ പിറ്റേന്നു തന്നെ ആഞ്ഞടിച്ച് രംഗത്തെത്തി. സര്‍ക്കാരിനെതിരെ ഉയരുന്ന നിരന്തരമായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടാനും ആരോപണമുന്നയിക്കുന്നവരെ ഭീഷണിപ്പെടുത്തി തടയിടാനുമാണ് സര്‍ക്കാര്‍ നീക്കമെന്ന പ്രചരണമാണ് പ്രതിപക്ഷം ശക്തിപ്പെടുത്തുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.