തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരില്‍ മഴയും രൂക്ഷമായ കടലാക്രമണവും. ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 37 കുടുംബംഗങ്ങളെ മാറ്റപ്പാര്‍പ്പിച്ചു. തകര്‍ന്ന വീടുകളിലെയും കടലെടുക്കാന്‍ സാധ്യതയുള്ള വീടുകളിലെയും ആളുകളെയാണ് മാറ്റിയത്.
കൂടുതല്‍ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിക്കുന്നുണ്ട്. കൊല്ലംകോട് നിന്നും തമിഴ്‌നാട് നീരോടിയിലേക്ക് പോകുന്ന റോഡ് ഒരു കിലോ മീറ്ററോളം പൂര്‍ണമായും കടലെടുത്തു. ഇന്ന് വൈകീട്ടോടെയാണ് വീടുകളിലേക്ക് കടലടിച്ച് കയറിയത്. വരും മണിക്കൂറുകളിലും സംസ്ഥാനത്ത് ശക്തമായ തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.
സംസ്ഥാനത്ത് അഞ്ച് ദിവസം ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാനാണ് സാധ്യത. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസം കേരളതീരത്ത് കാറ്റിന്റെ ശക്തി മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗതയിലാകാം. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്നും നിര്‍ദേശമുണ്ട്.