ന്യൂഡൽഹി: തീവ്രതയേറിയ ബിപർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നു. കാറ്റ് തീരം തൊടുന്നതിന് മുന്നോടിയായി സംസ്ഥാനത്ത് അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഗുജറാത്തിലും മുംബൈ തീരത്തും കടലേറ്റം രൂക്ഷമാണ്. മുംബൈയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. മണിക്കൂറിൽ 150 കിലോമീറ്റർവരെ വേഗത്തിലായിരിക്കും കാറ്റ് കരതൊടുക.
ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിലും ഗുജറാത്തിലുമായി നാല് മരണം സ്ഥിതീകരിച്ചു. ഭുജിൽ കനത്ത കാറ്റിൽ മതിൽ ഇടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. രാജ്കോട്ടിൽ ബൈക്കിൽ മരം വീണ് യുവതി മരിച്ചു. മുംബൈ ജുഹു ബീച്ചിൽ 16 കാരനും മരിച്ചു. രണ്ടു കുട്ടികളെ കാണാതായി. 12 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾ കടൽക്കരയിൽ കളിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. രണ്ടു കുട്ടികളെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
ബിപോർജോയ് ചുഴലിക്കാറ്റ് രൂക്ഷമായതിനെ തുടർന്ന് കച്ച് ദ്വാരക പ്രദേശങ്ങളിൽ നിന്ന് 12000 ഓളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. തീരത്ത് നിന്ന് 10 കിലോമീറ്ററിനുള്ളിൽ താമസിക്കുന്നവരെ ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന 7,500 ഓളം പേരെ മാറ്റിക്കഴിഞ്ഞു. ഒഴിപ്പിക്കൽ തുടരുകയാണ്. തുറമുഖങ്ങൾ അടച്ചു.
ദേശീയ സംസ്ഥാന ദുരന്ത നിവാരണ സംഘങ്ങളുടെ 12 ടീമുകളെ മുൻ കരുതൽ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്. താത്കാലിക ഷെൽട്ടറുകൾ നിർമിക്കുക, ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സായുധ സേനക്കും നാവിക സേനക്കും പുറമെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഷിപ്പുകളും തീരത്ത് പെട്രോളിങ് നടത്തുന്നുണ്ട്.