സാന്റാ മോണിക്ക സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ രചിച്ച 'ക്ഷോഭമടങ്ങാത്ത ലങ്ക'എന്ന പുസ്തകം ചലച്ചിത്ര സംവിധായകന്‍ എബ്രിഡ് ഷൈന് നല്‍കി പ്രമുഖ കഥാകാരന്‍ ടി. പത്മനാഭന്‍ പ്രകാശനം ചെയ്യുന്നു. ഷെറിന്‍ വര്‍ഗീസ്, ബാലകൃഷ്ണന്‍ പെരിയ, ഡെന്നി തോമസ് വട്ടക്കുന്നേല്‍, റോബിന്‍ തിരുമല എന്നിവര്‍ സമീപം.
കൊച്ചി: കടംവാങ്ങി ശ്രീലങ്കയുടെ കാതലായ സ്ഥലങ്ങള്‍ ചൈനയ്ക്ക് തീറെഴുതി നല്‍കിയ അവസ്ഥയാണുളളതെന്നും ഒരു തരം ബ്ലേഡ് കച്ചവടമാണ് ചൈന ഇപ്പോള്‍ നടത്തുന്നതെന്നും പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭന്‍.
വിദേശ വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ സാന്റാ മോണിക്കയുടെ സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേല്‍ രചിച്ച 'ക്ഷോഭമടങ്ങാത്ത ലങ്ക' എന്ന പുസ്തകം കൊച്ചിയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ചൈനയുടെ അടിമ രാജ്യം എന്നതാണ് ശ്രീലങ്കയുടെ ഇന്നത്തെ സ്ഥിതി. ശ്രീലങ്കന്‍ കുടിയേറ്റ ചരിത്രത്തെ ഏറ്റവും സൂക്ഷ്മമായും ആധികാരികമായും വിലയിരുത്തുന്ന രചനയാണ് 'ക്ഷോഭമടങ്ങാത്ത ലങ്ക' എന്ന പുസ്തകമെന്ന് വ്യക്തമാക്കിയ ടി. പത്മനാഭന്‍ പുസ്തകത്തിലെ ഉളളടക്കത്തോട് താന്‍ പൂര്‍ണമായും യോജിക്കുന്നുവെന്നും പറഞ്ഞു.
എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന്‍ എബ്രിഡ് ഷൈന്‍ ടി.പത്മനാഭനില്‍ നിന്നും പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റു വാങ്ങി. റോബിന്‍ തിരുമല പുസ്തകം പരിചയപ്പെടുത്തി.ബാലകൃഷ്ണന്‍ പെരിയ, ഷെറിന്‍ വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡെന്നി തോമസ് വട്ടക്കുന്നേല്‍ മറുപടി പ്രസംഗം നടത്തി.
ശ്രീലങ്കയിലെ ആഭ്യന്തര കലാപങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും രക്തമൊഴുകിയ നാള്‍വഴികളാണ് പുസ്തകത്തിലെ പ്രതിപാദ്യം. ശ്രീലങ്കയുടെ സങ്കീര്‍ണമായ രാഷ്ടീയവും പുസ്തകം വരച്ചു കാട്ടുന്നുണ്ട്. വിസി തോമസ് എഡീഷന്‍സ് ആണ് പ്രസാധകര്‍.
മലയാളത്തിലും അറബിയിലും പ്രസിദ്ധീകരിച്ച 'ഞങ്ങള്‍ അഭയാര്‍ഥികള്‍' അടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഡെന്നി തോമസ് വട്ടക്കുന്നേല്‍ അറിയപ്പെടുന്ന കോളമിസ്റ്റു കൂടിയാണ്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രചിച്ച 'കോവിഡ് എന്ത്, എന്തുകൊണ്ട്' എന്ന പുസ്തകം അദേഹത്തിന്റെ ശ്രദ്ധേയ രചനകളിലൊന്നാണ്.