മാധ്യമ പ്രവര്‍ത്തകക്കെതിരായ കേസില്‍ സിപിഐയില്‍ ഭിന്നാഭിപ്രായം: ന്യായീകരിച്ച് കാനം; എന്തിനും കൂട്ടുനില്‍ക്കാമെന്ന് കരാറില്ലെന്ന് ദിവാകരന്‍

മാധ്യമ പ്രവര്‍ത്തകക്കെതിരായ കേസില്‍ സിപിഐയില്‍ ഭിന്നാഭിപ്രായം: ന്യായീകരിച്ച് കാനം; എന്തിനും കൂട്ടുനില്‍ക്കാമെന്ന് കരാറില്ലെന്ന് ദിവാകരന്‍

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകക്കെതിരെ കേസെടുത്ത സംഭവത്തില്‍ സിപിഐയില്‍ ഭിന്നാഭിപ്രായം. പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാവ് സി.ദിവാകരന്‍ രംഗത്തെത്തിയപ്പോള്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കേസിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.

പരാതിയില്‍ പേരുള്ളവര്‍ക്കെതിരെ കേസ് എടുക്കുന്നത് സാധാരണമാണെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. അത് പൊലീസായാലും മാധ്യമ പ്രവര്‍ത്തകരായാലും. അതേ ഇവിടെ നടന്നിട്ടുള്ളൂവെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെ തള്ളിക്കളയുന്നതായിരുന്നു മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്റെ പ്രതികരണം.

പോലീസ് നടപടിയോട് സിപിഐ യോജിക്കുന്നില്ലെന്ന് പറഞ്ഞ ദിവാകരന്‍ മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു നടപടിയും ഇടതുമുന്നണിയുടെ പ്രഖ്യാപിത നയമല്ലെന്ന് തുറന്നടിച്ചു. പത്രസ്വാതന്ത്ര്യത്തിനെതിരെ ദേശീയ തലത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ മുഖ്യമന്ത്രി അടക്കം അപലപിക്കുന്ന സാഹചര്യത്തില്‍ ഇവിടെ പോലീസ് ചെയതത് ജനാധിപത്യ പാരമ്പര്യത്തിന് ചേര്‍ന്നതല്ല. ശക്തമായ പ്രതിഷേധമുണ്ട്. ഇതില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് താന്‍ പറയുന്നില്ല. ആരുടെയോ പ്രീതി പിടിച്ചു പറ്റാന്‍ പോലീസ് കുത്തിത്തിരിപ്പ് നടത്തിയതെന്നാണ് മനസിലാക്കേണ്ടത്. ആരെന്ത് ചെയ്താലും അതിനെ ന്യായീകരിച്ചോളാമെന്ന് ആരുമായും കരാറില്ലെന്നും ദിവാകരന്‍ പറഞ്ഞു.

മഹാരാജാസ് കോളജ് ആര്‍ക്കിയോളജി വിദ്യാര്‍ഥിയായ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോ പരീക്ഷ എഴുതാതെ വിജയിച്ചതിന്റെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവന്നിരുന്നു. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകക്കെതിരെയാണ് ആര്‍ഷോ നല്‍കിയ ഗൂഢാലോചന പരാതിയില്‍ പൊലീസ് കേസെടുത്തത്. മാധ്യമപ്രവര്‍ത്തകയെ കൂടാതെ കോളജ് പ്രിന്‍സിപ്പല്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്, കോളജ് വിദ്യാര്‍ഥി എന്നിവരെയും പ്രതി ചേര്‍ത്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.