മസ്തിഷ്‌ക മരണത്തിന്റെ പേരില്‍ അവയവ ദാനം: ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; എട്ട് ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം

മസ്തിഷ്‌ക മരണത്തിന്റെ പേരില്‍ അവയവ ദാനം: ലേക്‌ഷോര്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം; എട്ട് ഡോക്ടര്‍മാര്‍ക്കെതിരെ അന്വേഷണം

കൊച്ചി: മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്‌തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസ്. 2009 നവംബര്‍ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി കൊല്ലം സ്വദേശിയായ ഡോ. ഗണപതി നല്‍കിയ പരാതിയിന്‍മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എല്‍ദോസ് മാത്യുവാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഉടുമ്പന്‍ചോല സ്വദേശി എബിന്‍ വി.ജെ എന്ന 18 കാരന്‍ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കേസ്. തലയില്‍ രക്തം കട്ടപിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി അത് മാറ്റാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നിഷേധിച്ചെന്നാണ് ഡോക്ടര്‍ കൂടിയായ പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങള്‍ ഒന്നും പാലിക്കാതെയാണ് യുവാവിന്റെ അവയവങ്ങള്‍ മാറ്റിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കോടതി അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് വി.പി.എസ് ലേക് ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുല്ല പത്രക്കുറിപ്പില്‍ അറിയിച്ചു. പരാതിക്കാരുടെ വാദം മാത്രം കേട്ട് അന്വേഷണത്തിന് ഉത്തരവിടുകയാണ് കോടതി ചെയ്തിരിക്കുന്നത് എന്നും ആശുപത്രിയുടെ നിരപരാധിത്വം കോടതിയെ ബോധിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ലേക് ഷോര്‍ മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ഇരു ആശുപത്രികളും നല്‍കിയതായി രേഖകളിലില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ അവയവദാനത്തിനുള്ള നടപടികളിലും അപാകതയുണ്ടെന്നും കോടതി കണ്ടെത്തി. മഞ്ചേരി, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിര്‍കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.
ബൈക്കപകടത്തില്‍പ്പെട്ട എബിന്‍ വി.ജെയുടെ അവയവങ്ങള്‍ മലേഷ്യന്‍ പൗരനാണ് ദാനം ചെയ്തത്. 2009 നവംബര്‍ 29 നാണ് അപകടം നടന്നത്. കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലെത്തിച്ച യുവാവിനെ പിറ്റേദിവസം ലേക്ഷോറിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. തൊട്ടടുത്ത ദിവസം മസ്തിഷ്‌കമരണം സംഭവിച്ചതായി അറിയിക്കുകയും കരളും വൃക്കകളും മാറ്റിവയ്ക്കുകയായിരുന്നു.
പതിനെട്ടുകാരന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോ. പി. സഞ്ജയ്, ഇരു ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ മതിയായ ചികിത്സ യുവാവിന് നല്‍കിയില്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. രോഗിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് നിയമം അനുശാസിക്കുന്ന രീതിയില്‍ പരിശോധിച്ചല്ല പ്രഖ്യാപിച്ചതെന്നും കോടതിയില്‍ മൊഴി നല്‍കി. രോഗിയെ പരിശോധിക്കാതെ ഡോ. ഫിലിപ്പ് അഗസ്റ്റിന്‍ അക്കാര്യം ഒപ്പിട്ടു നല്‍കിയെന്നാണ് മൊഴി. ഡോ. പി സഞ്ജയ് മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫോറസന്‍സിക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.

തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാന്‍ നടപടിയുണ്ടായില്ലെന്ന് ചികിത്സാരേഖകള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ കോടതിയില്‍ മൊഴി നല്‍കി. പത്രവാര്‍ത്തകളിലൂടെയാണ് ഗണപതി അബിന്റെ മരണത്തെയും പിന്നീടുള്ള അവയവദാനത്തെക്കുറിച്ചും അറിഞ്ഞത്. ഡോക്ടര്‍മാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയാണ് അവയവം ദാനം ചെയ്തതെന്നും ഇതുവഴി ആശുപത്രി വന്‍ തുക കരസ്ഥമാക്കിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍ ആക്ടിലെ 22(1) വകുപ്പ് പ്രകാരമാണ് പരാതി നല്‍കിയത്. ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ തെളിവ് ഹാജരാക്കിയെങ്കിലും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കോടതി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ന്യൂറോളജി വകുപ്പിലെ ഡോക്ടര്‍ തോമസ് ഐപ്പിന്റെ സഹായം തേടി.

മാനദണ്ഡങ്ങള്‍ പാലിച്ചല്ല അവയവദാന ശസ്ത്രക്രിയ നടത്തിയതെന്ന് ഡോ. തോമസ് ഐപ്പും കോടതിയെ അറിയിച്ചു. ഈ മൊഴികളുടെയും മറ്റു രേഖകളുടെയും അടിസ്ഥാനത്തില്‍ അവയവദാന വകുപ്പിലെ വിവിധ വ്യവസ്ഥകള്‍ അനുസരിച്ച് തുടര്‍ നടപടിക്കാണ് കോടതി ഉത്തരിവിട്ടത്.

അപകടത്തില്‍ പരുക്കേറ്റ എബിനെ പരിശോധിച്ച ന്യൂറോ സര്‍ജന് പരുക്ക് ഗുരുതരമാണെന്നും സുഖപ്പെടുത്താനാകാത്തവിധം രൂക്ഷമായ, സ്ഥിരമായ ക്ഷതം തലച്ചോറിന് ഏറ്റുവെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ''ഹ്യൂമന്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് റൂളുകള്‍ അനുസരിച്ചുള്ള എല്ലാ ടെസ്റ്റുകളും നടത്തിയിരുന്നു. അവയവദാനത്തിനുള്ള സമ്മതപത്രം എബിന്റെ അമ്മ ഒപ്പിട്ടു നല്‍കിയിരുന്നു.

അക്കാലത്ത് അവയവദാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന സര്‍ക്കാര്‍ ഏജന്‍സിയായ സൊസൈറ്റി ഫോര്‍ ഓര്‍ഗന്‍ റിട്രീവല്‍ ആന്‍ഡ് ട്രാന്‍സ്പ്ലാന്റേഷന്‍ രേഖാമൂലം നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.