ദുബായ്: കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് വിശ്രമം അനുവദിക്കുന്ന ഉച്ചവിശ്രമം രാജ്യത്ത് നാളെ പ്രാബല്യത്തിലാകും. മൂന്ന് മാസമാണ് ഉച്ചവിശ്രമം പ്രാബല്യത്തിലുണ്ടാവുക. ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണിവരെയാണ് വിശ്രമം. തുടർച്ചയായ 19 ആം വർഷമാണ് രാജ്യത്ത് ഉച്ചവിശ്രമം നടപ്പിലാക്കുന്നത്.
നിർദ്ദേശം നടപ്പിലാക്കാത്ത തൊഴിലുടമയ്ക്ക് എതിരെ പിഴയടക്കമുളള നടപടികളുണ്ടാകും. ഒരു തൊഴിലാളിയ്ക്ക് 5000 ദിർഹമായിരിക്കും പിഴ. പരമാവധി 50,000 ദിർഹം വരെ പിഴയീടാക്കും. പരാതികളുണ്ടെങ്കില്‍ പൊതുജനങ്ങള്‍ക്ക് 600590000 എന്ന നമ്പറിലോ മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ ആപ്പിലോ പരാതി നല്‍കാം.
ദിവസേന 8 മണിക്കൂറാണ് ജോലി സമയം. 24 മണിക്കൂറിനിടെ അതിലധികം മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടിവന്നാല്‍ അത് അധികസമയമായി കണക്കാക്കും. ഇടവേളകള്‍ വരുത്താന്‍ പറ്റാത്ത തൊഴില്‍ മേഖലകള്‍ക്ക് ഇളവ് നല്‍കും. അതേസമയം ഇളവ് വേണ്ടവർ അതത് മന്ത്രാലയങ്ങളെ സമീപിച്ച് അപേക്ഷ നല്‍കണം.