തൃശൂരിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തൃശൂരിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ: കുഞ്ഞുമായി കുടുംബം സഞ്ചരിച്ച ഓട്ടോയും ആംബുലൻസും കൂട്ടിയിടിച്ച് പിതാവ് മരിച്ചു. തൃശൂർ വാടാനപ്പള്ളി എറവ് കപ്പൽ പള്ളിയ്ക്ക് സമീപം പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. 

ഓട്ടോ ഓടിച്ച പടിയൂർ സ്വദേശി ചളിങ്ങാട് വീട്ടിൽ ജിത്തുവാണ് (38) മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന ജിത്തുവിന്റെ ഭാര്യ തളിക്കുളം ചിറ്റൂർ വീട്ടിൽ നീതു (35), മകൻ അദ്രിനാഥ് (മൂന്ന്), നീതുവിന്റെ പിതാവ് കണ്ണൻ (55) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

തൃശൂരിലെ ആശുപത്രിയിൽ കുഞ്ഞിനെ കാണിച്ച് മടങ്ങവേയായിരുന്നു അപകടം. കാഞ്ഞാണി ഭാഗത്ത് നിന്ന് വരികയായിരുന്ന ആംബുലൻസും തൃശൂരിൽ നിന്ന് വരികയായിരുന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചുതന്നെ ജിത്തു മരിച്ചിരുന്നു. ഓട്ടോറിക്ഷ പൂർണമായും തകർന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നീതുവിനെയും അദ്രിനാഥിനെയും കണ്ണനെയും തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് പേരുടെയും നില ഗുരുതരമാണെന്നാണ് വിവരം. നീതുവും അദ്രിനാഥും വെന്റിലേറ്ററിലും കണ്ണൻ ഐസിയുവിലും ചികിത്സയിലാണ്. 

അതേസമയം ആംബുലൻസ് ഡ്രൈവർക്കും ആംബുലൻസിലുണ്ടായിരുന്ന രോഗിക്കും പരിക്കില്ല.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.