തിരുവനന്തപുരം: ഡോക്ടര്‍മാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നത് ഇവരുടെ സംഘടനയായ ഐഎംഎയാണെന്ന രൂക്ഷ വിമര്‍ശനം ഉന്നയിച്ച് എഴുത്തുകാരനായ ബെന്യാമിന്‍. എറണാകുളം ആശുപത്രിയിലെ അവയവ ദാനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചര്‍ച്ചയാകുമ്പോഴാണ് ബെന്യാമിന്‍ ഡോക്ടര്‍മാര്‍ക്കെതിരെ നിലപാട് അറിയിച്ചത്.
ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്‍ ഐഎംഎയ്‌ക്കെതിരെ പ്രതികരിച്ചത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ.
''സുല്‍ഫി നൂഹു ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ? അതോ പുതിയ ഉഡായിപ്പ് ന്യായീകരണവും കൊണ്ട് ഇറങ്ങുമോ? ഡോക്ടര്‍മാരിലെ കള്ളന്മാരെ സംരക്ഷിക്കുന്നതില്‍ ഈ സംഘടന വഹിക്കുന്ന പങ്ക് വളരെയധികമാണ്. ചികിത്സ പിഴവ് കാരണം ഞാന്‍ ദുരിതം അനുഭവിച്ച ഒരു കാലത്ത് ആ ഡോക്ടര്‍ പറഞ്ഞത്, നീ ഏത് കോടതിയില്‍ പോയാലും എന്നെ എന്റെ സംഘടന സംരക്ഷിക്കും എന്നായിരുന്നു. ഇതാണ് ഇവരുടെ കരുത്ത്.''ഇങ്ങനെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
ഇപ്പോള്‍ ഏറെ ചര്‍ച്ചയാകുന്ന അവയവദാന വിവാദത്തിന് ആധാരമായ സംഭവം നടക്കുന്നത് 2009 ലാണ്. നവംബര്‍ 29 നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വി.ജെ എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായി. തുടര്‍ന്ന് കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എബിനെ വിദഗ്ധ ചികിത്സയ്ക്കായി ലേക്ഷോര്‍ ആശുപത്രിയിലേക്ക് അടുത്ത ദിവസം മാറ്റി. തൊട്ടടുത്ത ദിവസമാണ് മസ്തിഷ്‌ക മരണം സംഭവിച്ചതെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവ ദാനം നടത്തിയത്.
സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.