കൊച്ചി: ഏകീകൃത കുര്‍ബാനക്രമത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അടച്ചിട്ട എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി.
സീറോ മലബാര്‍ സിനഡ് നിയോഗിച്ച മെത്രാന്‍ സമിതിയും ബസിലിക്ക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്. സഭയുടെ ആസ്ഥാന ദേവാലയം എത്രയും വേഗം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ബന്ധപ്പെട്ട എല്ലാവരോടും സിനഡ് ആഹ്വാനം ചെയ്തിരുന്നു.
സിനഡ് തീരുമാനിച്ചതും പരിശുദ്ധ സിംഹാസനം അംഗീകരിച്ചതുമായ വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി മാത്രമേ ബസിലിക്കയില്‍ അനുവദനീയമായിട്ടുള്ളൂ. ഇത് സാധ്യമാകുന്നതുവരെ ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം ഉണ്ടായിരിക്കില്ല. പരിശുദ്ധ സിംഹാസനത്തിന്റെയും സിവില്‍ കോടതികളുടെയും തീരുമാനങ്ങള്‍ എല്ലാവര്‍ക്കും ബാധകമാണ്.
സിനഡ് അംഗീകരിച്ച വിശുദ്ധ കുര്‍ബാനയര്‍പ്പണരീതി അല്ലാതെ ജനാഭിമുഖ കുര്‍ബാന ബസിലിക്കയില്‍ അര്‍പ്പിക്കുകയില്ലെന്ന് ബസിലിക്ക അഡ്മിനിസ്‌ട്രേറ്റര്‍ വികാരി മോണ്‍. ആന്റണി നരികുളം മെത്രാന്‍ സമിതിക്ക് ഉറപ്പു നല്‍കി. മറിച്ചു സംഭവിച്ചാല്‍ ബസിലിക്ക വീണ്ടും അടച്ചിടുന്ന സാഹചര്യം ഉണ്ടാകും.

ബസിലിക്ക തുറന്ന് വിശുദ്ധ കുര്‍ബാന ഒഴികെ മറ്റു കൂദാശകളും കൂദാശാനുകരണങ്ങളും നടത്താവുന്നതാണ്. അതിന് ആവശ്യകമായ ക്രമീകരണങ്ങള്‍ നടത്താന്‍ ബസിലിക്ക വികാരിക്ക് താക്കോല്‍ കൈമാറാനും തീരുമാനമായി. കോടതി വ്യവഹാരം തുടരുന്നതിനാല്‍ ബസിലിക്കാ അഡ്മിനിസ്‌ട്രേറ്റര്‍ മറിച്ചൊരു തീരുമാനമുണ്ടാകും വരെ തല്‍സ്ഥാനത്ത് തുടരാനും ധാരണയായി.
ബസിലിക്ക തുറക്കുന്ന ദിവസം വികാരി ജനറാള്‍ റവ. ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ പള്ളിയും പരിസരവും വെഞ്ചരിക്കും. ഈ സാഹചര്യങ്ങള്‍ വിശ്വാസികളെ അറിയിച്ച് സഹകരണം തേടുന്നതിന്റെ ഭാഗമായി ബസിലിക്ക വികാരിക്ക് പാരിഷ് കൗണ്‍സില്‍ വിളിച്ചു കൂട്ടാവുന്നതാണ്. എന്നാല്‍ മേല്‍പറഞ്ഞ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ പാരിഷ് കൗണ്‍സിലിന്റെ അംഗീകാരം ആവശ്യമില്ല.
വ്യാഴാഴ്ച്ച ചേര്‍ന്ന സിനഡ് സമ്മേളനം മേല്‍ പറഞ്ഞ ധാരണയ്ക്ക് ഔദ്യോഗിക അംഗീകാരം നല്‍കി. ഈ വ്യവസ്ഥകള്‍ വൈദികരോ സന്യസ്ഥരോ അല്‍മായരോ ലംഘിച്ചാല്‍ അവര്‍ക്കെതിരെ കാനന്‍ നിയമപ്രകാരമുള്ള നടപടികള്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ സ്വീകരിക്കേണ്ടതാണെന്നും സിനഡ് ആവശ്യപ്പെട്ടു.
ചര്‍ച്ചയില്‍ ആര്‍ച്ച് ബിഷപ്പുമാരായ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മോണ്‍. വര്‍ഗീസ് പൊട്ടയ്ക്കല്‍, മോണ്‍. ആന്റണി നരികുളം, ഫാ. ആന്റണി പൂതവേലില്‍, ബസിലിക്ക കൈക്കാരന്‍മാരായ ബാബു പുല്ലാട്ട, അഡ്വ. എം.എ ജോസഫ് മണവാളന്‍ എന്നിവര്‍ പങ്കെടുത്തു.