ചെന്നൈ: അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. നിലവില്‍ അരിക്കൊമ്പനുള്ള സ്ഥലത്തു നിന്ന് മാറ്റേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് കൊച്ചി സ്വദേശി റെബേക്ക ജോസഫാണ് ഹര്‍ജി നല്‍കിയത്.
ഹൈക്കോടതിയുടെ ഫോറസ്റ്റ് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നേരത്തെ മധുര ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. ഇതിനുശേഷമാണ് ഫോറസ്റ്റ് ബെഞ്ചിന് ഹര്‍ജി കൈമാറിയത്.
അരിക്കൊമ്പന് തീറ്റയും വെള്ളവും ഇല്ലാത്ത സാഹചര്യമില്ലെന്നും കാലാവസ്ഥയുമായി ആന ഇണങ്ങിയതായും കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട് - മുണ്ടന്‍തുറെ കടുവ സങ്കേതത്തിനുള്ളിലെ അപ്പര്‍ കോതയാര്‍ വനമേഖലയില്‍ അരിക്കൊമ്പനെ തുറന്നുവിട്ട തമിഴ്നാട് സര്‍ക്കാരിന്റെ നടപടി റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും കോടതി അറിയിച്ചു.
അതേസമയം കൊമ്പന്റെ നീക്കം തിരുനെല്‍വേലിയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും നിരീക്ഷിച്ച് വിവരങ്ങള്‍ കന്യാകുമാരി, അംബാസമുദ്രം, തിരുവനന്തപുരത്തെ വനംവകുപ്പ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൈമാറും. നിലവില്‍ അരിക്കൊമ്പന്‍ എവിടെയാണെന്ന് സംബന്ധിച്ച് കൃത്യമായ വിവരമില്ല.
ആന കോതയാര്‍ ഡാമിന് പരിസരത്തുണ്ടെന്ന് ഇന്നലെ രാവിലെ ഒന്‍പതിന് സിഗ്‌നല്‍ ലഭിച്ചതായി വനം വകുപ്പ് അറിയിച്ചിരുന്നു.