എ.ഐ ക്യാമറ ഇടപാട് വിശദമായി പരിശോധിക്കണം; അതുവരെ പണം നല്‍കരുത്: ഹൈക്കോടതി

എ.ഐ ക്യാമറ ഇടപാട് വിശദമായി പരിശോധിക്കണം; അതുവരെ പണം നല്‍കരുത്: ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ റോഡുകളില്‍ എ.ഐ ക്യാമറ സ്ഥാപിച്ച ഇടപാടിലെ മുഴുവന്‍ വിവരങ്ങളും പരിശോധിക്കണമെന്ന് ഹൈക്കോടതി.

ഖജനാവിന് നഷ്ടമോ അധിക ബാധ്യതയോ ഉണ്ടായോ എന്നു പരിശോധിക്കണമെന്നും അതുവരെ പദ്ധതിക്കു സര്‍ക്കാര്‍ പണം നല്‍കരുതെന്നും ചീഫ് ജസ്റ്റ്സ് എസ്.വി ഭട്ടി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.

എ.ഐ ക്യാമറ സ്ഥാപിക്കുന്നതിന് ടെന്‍ഡര്‍ നല്‍കിയത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

മോട്ടോര്‍ വാഹന വകുപ്പും കെല്‍ട്രോണും തമ്മിലുള്ള കരാറുകള്‍ റദ്ദാക്കണം, എസ്.ആര്‍.ഐ.ടിക്ക് ടെന്‍ഡര്‍ യോഗ്യതയില്ലെന്ന് പ്രഖ്യാപിക്കണം തുടങ്ങിയവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. ഹര്‍ജിയില്‍ കഴമ്പുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ തോന്നുന്നതെന്ന് കോടതി നിരീക്ഷിച്ചു.

കേസ് മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതിനകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.