കോട്ടയം: വൈക്കത്ത് മരണ വീട്ടിലേക്ക് വള്ളത്തില്‍ പോകുന്നതിനിടെ ഒരു കുടുംബത്തിലെ ആറ് പേര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് നാല് വയസുകാരനടക്കം രണ്ട് പേര്‍ മരിച്ചു. കൊടിയാട്ട് പുത്തന്‍തറ ശരത് (33), സഹോദരീ പുത്രന്‍ ഇവാന്‍ (നാല്) എന്നിവരാണ് മരിച്ചത്. വൈക്കം തലയാഴം ചെട്ടിയക്കരി ഭാഗത്തായിരുന്നു അപകടം.
വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മറുകരയിലുള്ള മരണവീട്ടിലേക്ക് വള്ളത്തില്‍ പോകുന്ന വഴിയാണ് അപകടമുണ്ടായത്. മണല്‍വാരി ആഴമുള്ള ഇടത്തുവച്ചായിരുന്നു വള്ളം മറിഞ്ഞത്. കുട്ടിയേയും കൊണ്ട് ശരത് കരയിലേക്ക് നീന്തി വന്നപ്പോള്‍ മുങ്ങിപ്പോകുകയായിരുന്നു. രക്ഷപ്പെട്ട നാല് പേരെ ആശുപത്രിയില്‍ എത്തിച്ചു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.