കൊച്ചി: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടയുളള ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ 38000 പിഴ അടച്ചു. 2011 ജനുവരി19 ന് വടകര ഹെഡ് പോസ്റ്റ് ഓഫിസിലെ ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്ത കേസിലാണ് നടപടി.
ഡിവൈഎഫ്ഐ നേതാവായിരിക്കെ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ സമരത്തിന്റെ ഭാഗമായി വടകര പോസ്റ്റ് ഓഫീസ് ആക്രമിച്ച് നാശനഷ്ടം വരുത്തി. കമ്പ്യൂട്ടര്‍ തകര്‍ത്തു, പോസ്റ്റ് ഓഫീസിലെ കിയോസ്‌ക് നശിപ്പിച്ചു, മറ്റു നാശനഷ്ടങ്ങള്‍ വരുത്തി എന്നിവ ഉള്‍പ്പെടുത്തിയായിരുന്നു കേസ്. അന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്ന റിയാസ് ഒന്നാം പ്രതിയായി 12 പേര്‍ക്കെതിരേയായിരുന്നു കേസ്. വടകര സബ്കോടതിയാണ് ശിക്ഷ വിധിച്ചത്.
ജില്ലാ കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു. അപ്പീല്‍ വൈകിയതിനാല്‍ ഹൈക്കോടതി അപ്പീല്‍ സ്വീകരിച്ചില്ല. തുടര്‍ന്ന് വര്‍ഷങ്ങളായി പിഴത്തുക അടയ്ക്കാതെ ഒഴിഞ്ഞുനടക്കുകയായിരുന്നു. പോസ്റ്റല്‍ വകുപ്പിന്റെ അഭിഭാഷകന്‍ അഡ്വ. എം. രാജേഷ് കുമാര്‍, വിധി നടപ്പാക്കല്‍ അപേക്ഷ നല്‍കിയതിനെ തുടര്‍ന്ന് മന്ത്രിക്കെതിരേ അറസ്റ്റ് വാറണ്ട് വന്നു. തുടര്‍ന്നാണ് പിഴ കെട്ടിവെച്ചത്.