മലപ്പുറം: കുറ്റിപ്പുറത്ത് എച്ച്1എന്‍1 ബാധിച്ച് പതിമൂന്നുകാരന്‍ മരിച്ചു. പനിബാധിച്ച് ചികിത്സയിലിരുന്ന കുറ്റിപ്പുറം സ്വദേശി ദാസന്റെ മകന്‍ ഗോകുല്‍ ആണ് മരിച്ചത്.
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കുന്നതിനിടെയാണ് കൂടുതല്‍ ഭീഷണി ഉയര്‍ത്തി എച്ച്1എന്‍1 ഉം സ്ഥിരീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി മൂലവും വ്യാഴാഴ്ച ഓരോ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിനം പന്ത്രണ്ടായിരത്തില്‍പ്പരം പേരാണ് പനിബാധിച്ച് ആശുപത്രികളില്‍ എത്തുന്നത്. ഏറ്റവുമധികം പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് മലപ്പുറത്താണ്.
വൈറല്‍പ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ വിദഗ്ധ സഹായം തേടണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഇന്‍ഫ്ളുവന്‍സ വിഭാഗത്തില്‍പ്പെട്ട വൈറസ് പനിയാണ് എച്ച്1 എന്‍1. വായുവിലൂടെ പകരുന്ന വൈറസാണിത്. സാധാരണ വൈറല്‍ പനിക്കു സമാനമാണ് എച്ച്1 എന്‍1 പനിയുടെ ലക്ഷണങ്ങള്‍. ചില സാഹചര്യങ്ങളില്‍ 100 ഡിഗ്രിക്കു മുകളില്‍ പനി വരാം. കൂടാതെ ചുമ, തൊണ്ടവേദന, ശ്വാസതടസം, ചുമയ്ക്കുമ്പോള്‍ രക്തം തുപ്പുന്ന അവസ്ഥ, ശരീരവേദന, ഛര്‍ദ്ദി എന്നിവ ഉണ്ടാകുന്നു.
പനി ബാധിച്ച 10 ശതമാനം ആളുകളില്‍ ശക്തമായ ലക്ഷണങ്ങള്‍ ഉണ്ടാകാം. ഇവരില്‍ അസാധാരണമായ പനി, ശ്വാസംമുട്ടല്‍ എന്നിവയൊക്കെ കാണാന്‍ സാധിക്കും. എന്നാല്‍ മറ്റുള്ളവരില്‍ ലക്ഷണങ്ങള്‍ വളരെ സാധാരണമാണ്.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. രോഗികള്‍ പരിപൂര്‍ണ വിശ്രമം എടുക്കുക. പനിയുള്ളവര്‍ ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുകയും വീട്ടില്‍ തന്നെ വിശ്രമിക്കുകയും വേണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് കൂടെക്കൂടെ കഴുകുന്നത് രോഗം പകരാനുള്ള സാധ്യത കുറയ്ക്കും.
പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, കരള്‍, വൃക്കരോഗങ്ങള്‍ ഉള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം മരുന്നു കഴിക്കുകയും വേണം.
പലവിധ പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് നിയന്ത്രണാതിതമായി വ്യാപിക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഫലപ്രദമായ നടപടികളെടുക്കുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.