കൊച്ചി: മനുഷ്യ ജീവനെ തെരുവ് നായ്ക്കൾ കടിച്ചു കീറുമ്പോൾ അധികൃതരെ നിങ്ങൾ എവിടെ? കരളലിയിക്കുന്ന ആ ദീനരോദനം കേട്ടിട്ടും എന്തേ നിങ്ങൾ മൗനം പാലിക്കുന്നു? അച്ചടിച്ചു വെച്ച നിയമ സംഹിത എവിടെ? തെരുവിൽ അലയുന്ന നായയ്ക്കോ തെരുവിൽ പൊലിയുന്ന മനുഷ്യ ജീവനോ നിങ്ങൾ വില കൽപ്പിക്കുന്നത്? മൃഗസംരക്ഷണത്തിന് വേണ്ടി മനുഷ്യജീവൻ ബലികഴിക്കുന്നത് ഇനിയും തുടരണമോ? എന്ന് തുടങ്ങി, ഇനിയും എത്ര ജീവനുകൾ തെരുവ് നായയുടെ ആക്രമണത്തിൽ പൊലിയണം നിങ്ങളുടെ കണ്ണ് തുറക്കാൻ? എന്നുൾപ്പെടെയുള്ള വിവിധ ചോദ്യങ്ങൾക്ക് അധികാരികളോട് ഉത്തരം തേടുകയാണ് കെ.സി.വൈ.എം.
ഇത്തരം അനിഷ്ട സംഭവങ്ങൾ മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ടെന്നും, എന്നാൽ ഇവയ്ക്ക് ശാശ്വതമായ പരിഹാരം കാണാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറായില്ല എന്നും കെ.സി.വൈ.എം. കുറ്റപ്പെടുത്തി. മനുഷ്യ ജീവനു വില നൽകാതെ തെരുവ് നായ സംരക്ഷണത്തിന് വേണ്ടി മുറവിളി കൂട്ടുന്ന മൃഗ സ്നേഹികളുടെ നിലപാട് തള്ളുന്നതായും, ഇത്തരം പ്രവണതകളെ ശക്തമായി നേരിടുമെന്നും സംസ്ഥാന പ്രസിഡന്റ് ഷാരോൺ കെ റെജി പറഞ്ഞു. തെരുവ് നായ ശല്യം രൂക്ഷമായതോടെ, തെരുവ് നായ്ക്കളെ കൊല്ലാനായി രാജ്യത്തെ പരമോന്നത നീതി പീഡത്തിന്റെ അനുമതി തേടിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് എതിരായ വധ ഭീഷണി സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും, പൊലീസ് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സമിതി ആവശ്യപ്പെട്ടു.
തെരുവ് നായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അധികൃതരുടെ അലംഭാവത്തിന് എതിരെ ശക്തമായ പ്രതിഷേധം രേഖപെടുത്തുന്നുവെന്നും, ആവശ്യമെങ്കിൽ ജനകീയ പ്രതിഷേധങ്ങൾക്ക് കെ.സി.വൈ.എം. നേതൃത്വം നൽകുമെന്നും സംസ്ഥാന സമിതി സിന്യൂസ് ലൈവിനോട് പറഞ്ഞു.