തിരുവനന്തപുരം: സര്‍ക്കാരിന്റെ മുന്‍കരുതല്‍ പാളിയതോടെ പകര്‍ച്ചപ്പനി വ്യാപനം അതിരൂക്ഷമായി. ഡെങ്കി ബാധിതര്‍ക്ക് നല്‍കാന്‍ ആശുപത്രികളില്‍ പ്ലേറ്റ്ലെറ്റുമില്ലാത്ത അവസ്ഥയാണ്. എലിപ്പനി കേസുകളും ദിനംപ്രതി കൂടുകയാണ്. താലൂക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മതിയായ ജീവനക്കാരില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
സംസ്ഥാനത്ത് പത്ത് ദിസവത്തിനിടെ 11,462 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ആകെ പനിബാധിതര്‍ 1.12 ലക്ഷം പേരും. ഇന്നലെ മാത്രം 13,409 പേര്‍ ചികിത്സ തേടി. മലപ്പുറത്താണ് ഏറ്റവും കൂടുതല്‍, 2051 പേര്‍. അതേസമയം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഇന്നലെ ചികിത്സതേടിയവര്‍ ആയിരത്തിലധികമാണ്.
വകുപ്പുകള്‍ സംയുക്തമായി നടത്താറുള്ള മഴക്കാല പൂര്‍വ ശുചീകരണം ഇത്തവണ പേരിന് മാത്രമായത് കൊതുകും എലിയും പെറ്റുപെരുകാന്‍ കാരണമായി. ഫോഗിംഗ് ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളും നടന്നില്ല. മഴ കനത്താല്‍ സ്ഥിതി കൂടുതല്‍ വഷളാകും.
അതിനിടെ കഴിഞ്ഞ ദിവസം മലപ്പുറത്ത് മരിച്ച ഗോകുല്‍ദാസി?ന് (13) എച്ച് വണ്‍,എന്‍ വണ്‍ സ്ഥിരീകരിച്ചതോടെ ആശങ്ക ഇരട്ടിയായി. ഈവര്‍ഷം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 113 ആയി. ഡെങ്കിയും എലിപ്പനിയുമാണ് കൂടുതല്‍ പേരുടെ ജീവനെടുത്തത്.
ഡെങ്കി സ്ഥിരീകരിച്ചവര്‍ക്ക് ബ്‌ളഡ് കൗണ്ട് കുറവാണെങ്കില്‍ പ്ലേറ്റ്ലെറ്റ് നല്‍കയേ തീരൂ. താലൂക്ക്,? ജില്ലാ ആശുപത്രികളില്‍ സ്റ്റോക്കില്ലാത്തതിനാല്‍ മെഡിക്കല്‍
കോളേജുകളില്‍ അയയ്ക്കുന്നു. ഇതോടെ മെഡിക്കല്‍ കോളേജുകളിലെ ബ്ലഡ് ബാങ്കുകളിലും ക്ഷാമമായി. മഴക്കാലത്ത് ഡെങ്കിപ്പനി വ്യാപിക്കുന്ന മുന്‍ അനുഭവം മുന്നിലുണ്ടായിട്ടും ആശുപത്രികള്‍ ഇത്തവണ പ്ലേറ്റ്ലെറ്റ് സംഭരിച്ചില്ല.
ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ ആശുപത്രി വാര്‍ഡുകള്‍ക്ക് കൊതുകുവല നല്‍കിയിട്ടുണ്ട്. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെട ഒന്നിലധികം രോഗികളെ ഒരു കട്ടിലില്‍ കിടത്തുന്ന അവസ്ഥയാണ്. ഈ വാര്‍ഡുകളില്‍ കൊതുകുവല എങ്ങനെ കെട്ടുമെന്ന് അറിയാതെ വലയുകയാണ് ജീവനക്കാര്‍.
ഡെങ്കി ബാധിച്ചാല്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് പെട്ടെന്ന് 50,000ല്‍ താഴെ എത്തുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. പ്ലേറ്റ്‌ലെറ്റ് നല്‍കി കൗണ്ട് ഉയര്‍ത്തിയില്ലെങ്കില്‍ വളരെ താഴേക്ക് പോയി മരണം വരെ സംഭവിക്കാം. നേരത്തെ രണ്ടുവട്ടം ഡെങ്കി ബാധിച്ചവര്‍ക്ക് വീണ്ടും വന്നാലും (റിപ്പീറ്റഡ് ഡെങ്കി) അതിവേഗം അപകടാവസ്ഥയിലെത്തും. കഴിഞ്ഞ ദിവസങ്ങളില്‍ മരണത്തിന് കീഴടങ്ങിയ ചിലര്‍ റിപ്പീറ്റഡ് ഡെങ്കി വന്നവരാണ്.
പനിയും ശരീരവേദനയും ഉണ്ടായാല്‍ വേദനസംഹാരി കഴിച്ച് സ്വയം ചികിത്സ നടത്തുന്നത് അപകടമാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് വേഗത്തില്‍ കുറയാന്‍ ഇത് കാരണമാകും.