കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ ചോദ്യം ചെയ്യലിനായി കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി. പരാതിക്കാരനായ തൃശൂര്‍ സ്വദേശി അനൂപ് മുഹമ്മദിനെയും ക്രൈം ബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അറസ്റ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു. അറസ്റ്റിനെ താന്‍ ഭയപ്പെടുന്നില്ല. ഏറെ കടമ്പകള്‍ കടന്ന് വന്ന വ്യക്തിയാണ്. ഇവയെല്ലാം രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണ്. ആരില്‍ നിന്നും ഒരു പൈസ പോലും വാങ്ങിയിട്ടില്ല. കോടതി നിര്‍ദേശ പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.
നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും സുധാകരന്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള തീരുമാനം. അറസ്റ്റ് വേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ ജാമ്യമനുവദിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ട്. 50,000 രൂപയും രണ്ട് പേരുടെ ആള്‍ ജാമ്യവുമാണ് വ്യവസ്ഥകള്‍.