കൊച്ചി: യാത്രക്കാരെ കൈയ്യിലെടുക്കാന്‍ കൊച്ചി മെട്രോയുടെ പുതിയ തന്ത്രം. മെട്രോയില്‍ വന്ന് വൈറ്റില സ്റ്റേഷനില്‍ ഇറങ്ങി 200 രൂപയ്ക്ക് മാമ്പഴം വാങ്ങിയാല്‍ ഒരു ഭാഗത്തേക്കുള്ള യാത്രാ ടിക്കറ്റ് സൗജന്യമായി നല്‍കും. പരിമിത കാലത്തേക്കുള്ള ഓഫര്‍ 25 ന് രാത്രി 9.30 വരെ ഉണ്ടാവും.
കൊച്ചി മെട്രോയുടെ ആറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച മുതല്‍ വൈറ്റില സ്റ്റേഷനില്‍ സംഘടിപ്പിച്ചിരിക്കുന്ന മധുരം മനോഹരം ഫ്‌ളവര്‍ ആന്‍ഡ് മാമ്പഴ ഫെസ്റ്റിന്റെ ഓഫറാണിത്.
കൂടാതെ ഗ്രൂപ്പ് ടിക്കറ്റ് ബുക്കിങ്ങില്‍ 50 ശതമാനം വരെ ഇളവും മെട്രോ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഓഫര്‍ പ്രകാരം കൂട്ടമായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാരുടെ എണ്ണമനുസരിച്ച് 25 മുതല്‍ 50 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും.
50 മുതല്‍ 100 വരെ യാത്രക്കാര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനവും 100 ന് മുകളില്‍ ബുക്ക് ചെയ്താല്‍ 50 ശതമാനവും ഇളവ് ലഭിക്കുന്നതാണ് ഓഫര്‍. വിനോദയാത്രാ സംഘങ്ങള്‍ക്ക് ഏറെ ഉപയോഗപ്രദമാണ് പുതിയ ഓഫറുകള്‍. ഓണ്‍ലൈനായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. അതിനായി മെട്രോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അഡ്വാന്‍സ് ഗ്രൂപ്പ് ബുക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. https://kochimetro.org എന്ന ഒഫീഷ്യല്‍ സൈറ്റില്‍ ട്രാവല്‍ ഇന്‍ഫര്‍മേഷനിലെ ഗ്രൂപ്പ് ബുക്കിങ് ഉപയോഗിച്ച് അഡ്വാന്‍സ് ബുക്കിങ് നടത്താവുന്നതാണ്.
കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റയാണ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. മാമ്പഴം മാത്രമല്ല, പുഷ്പാലങ്കാരങ്ങള്‍, ചെടികള്‍, തൈകള്‍, പെറ്റ്സ് എന്നിവയും പ്രദര്‍ശനത്തിലുണ്ട്. നീലം, അല്‍ഫോന്‍സോ, സീരി, സ്വര്‍ണമുഖി തുടങ്ങി 30 ഇനം മാങ്ങകള്‍, മകാവു, ഇഗ്വാന തുടങ്ങിയ എക്സോട്ടിക് പെറ്റുകളും പ്രദര്‍ശനത്തിലുണ്ട്.പൂക്കള്‍ കൊണ്ട് നിര്‍മിച്ച കൊച്ചി മെട്രോയുടെ മോഡല്‍ മുഖ്യ ആകര്‍ഷണമാണ്.
കൂടാതെ നിരവധി ഫോട്ടോ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ഇന്‍ഡോര്‍ ചെടികള്‍, ഫലവൃക്ഷത്തൈകള്‍, കൃഷി ഉപകരണങ്ങള്‍, മറ്റ് ഉല്‍പ്പന്നങ്ങളും പ്രദര്‍ശനത്തിനുണ്ട്.