സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധം; കോണ്‍ഗ്രസ് ശനിയാഴ്ച കരിദിനം ആചരിക്കും

സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധം; കോണ്‍ഗ്രസ് ശനിയാഴ്ച കരിദിനം ആചരിക്കും

കൊച്ചി: മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെ. സുധാകരനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംസ്ഥാനത്ത് ശനിയാഴ്ച കരിദിനം ആചരിക്കും. എല്ലാ ജില്ലകളിലും ബൂത്തു തലം വരെയുള്ള പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രകടനം നടത്തുമെന്നും കെപിസിസി നേതൃത്വം അറിയിച്ചു.

സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഡാലോചനയാണെന്നും ഭയമാണ് സര്‍ക്കാരിനെ ഭരിക്കുന്നതെന്നും ഇതുകൊണ്ടൊന്നും പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണിന്ന്. സര്‍ക്കാരിനെതിരെ നിരന്തര വിമര്‍ശനവും അഴിമതി ആരോപണങ്ങളും ഉന്നയിക്കുന്ന നേതാക്കള്‍ക്കെതിരെ കള്ളക്കേസെടുക്കാനുള്ള നീക്കത്തെ കോണ്‍ഗ്രസും യുഡിഎഫും ശക്തമായി ചെറുക്കുമെന്നും അദേഹം പറഞ്ഞു.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ കേസില്‍ കുടുക്കുന്ന മോഡി സര്‍ക്കാരിന്റെ ഫാസിസ്റ്റ് മനോഭാവം തന്നെയാണ് പിണറായി വിജയനെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഒരു ഭാഗത്ത് പാര്‍ട്ടി ക്രിമിനലുകള്‍ പൊലീസിന്റെ മുന്നിലുടെ വിലസുമ്പോള്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്ന പൊലീസ് ക്രിമിനലുകളെ ഒളിപ്പിക്കുന്ന ജോലി കൂടി എറ്റെടുത്തിരിക്കുകയാണ്. സുധാകരനെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.