കൊച്ചി: മോന്‍സന്‍ മാവുങ്കല്‍ മുഖ്യപ്രതിയായ തട്ടിപ്പ് കേസില്‍ കെ.സുധാകരനെ കുടുക്കിയത് ഡിജിറ്റല്‍ തെളിവുകളെന്ന് ക്രൈം ബ്രാഞ്ച്. മോന്‍സനും സുധാകരനും തമ്മില്‍ 12 തവണ കൂടിക്കാഴ്ച നടത്തി. 2018 മുതല്‍ മോന്‍സന്‍ അറസ്റ്റിലാവുന്നതു വരെ ഇതു തുടര്‍ന്നു. കൂടിക്കാഴ്ച സംബന്ധിച്ചു സുധാകരനു കൃത്യമായ മറുപടിയില്ല. പണം കൈപ്പറ്റിയിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിനോട് സുധാകരന്‍ പറഞ്ഞു.
പണം കൈമാറിയ ദിവസം മോന്‍സന്‍ മാവുങ്കലിന്റെ വീട്ടില്‍ തനുണ്ടായിരുന്നു. പണമിടപാട് സംബന്ധിച്ച് തനിക്കക്ക് അറിവില്ല. പരാതിക്കാരെ ഓണ്‍ലൈനില്‍ വിളിപ്പിച്ചപ്പോള്‍ കണ്ട് പരിചയമുണ്ട്. പരാതിക്കാരില്‍ ഒരാളായ അനൂപ് അഹമ്മദിനോട് സംസാരിക്കാനും തയ്യാറായില്ലെന്ന് സുധാകരന്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം സുധാകരനെതിരെ മതിയായ തെളിവുണ്ടെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. മോന്‍സന്‍ സുധാകരന് 10 ലക്ഷം രൂപ നല്‍കിയതിന് തെളിവുണ്ട്. അദ്ദേഹം ചോദ്യം ചെയ്യലുമായി സഹകരിച്ചുവെന്നും ക്രൈം ബ്രാഞ്ച് എസ്പി സാബു മാത്യു വ്യക്തമാക്കി. പറയാന്‍ കഴിയാത്ത കാര്യങ്ങള്‍ സുധാകരന്‍ നിഷേധിച്ചതായും എസ്പി കൂട്ടിച്ചേര്‍ത്തു.
കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ ജാമ്യത്തില്‍ വിട്ടു. കളമശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫിസില്‍ ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മോന്‍സന്‍ ഒന്നാം പ്രതിയായ കേസിലെ രണ്ടാം പ്രതിയാണു സുധാകരന്‍. കേസില്‍ അറസ്റ്റ് വേണ്ടിവന്നാല്‍ 50,000 രൂപയ്ക്കും തുല്യതുകയ്ക്കുള്ള രണ്ടാളുടെ ഉറപ്പിലും ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
കേസന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാമെന്ന് സുധാകരനും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തന്നെ ശിക്ഷിക്കാനുള്ള തെളിവ് പൊലീസിന്റെ കയ്യിലില്ലെന്ന് ജാമ്യത്തിലിറങ്ങിയശേഷം സുധാകരന്‍ പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായപ്പോള്‍ അത് മനസിലായി. ഞാന്‍ എവിടെയും ഒളിക്കില്ല. ജുഡീഷ്യറിയില്‍ വിശ്വാസമുണ്ടെന്നും സുധാകരന്‍ പ്രതികരിച്ചു.