എ.ഐ ക്യാമറ സ്ഥാപിക്കല്‍ നല്ല നടപടി: ഹൈക്കോടതി

എ.ഐ ക്യാമറ സ്ഥാപിക്കല്‍ നല്ല നടപടി: ഹൈക്കോടതി

കൊച്ചി: സാങ്കേതിക വിദ്യയുടെ പുത്തന്‍കാലത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ റോഡുകളില്‍ എ.ഐ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതു നല്ല നടപടിയാണെന്ന് ഹൈക്കോടതി. ക്യാമറ സ്ഥാപിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അഭിനന്ദിക്കണമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ഹെല്‍മെറ്റ് ധരിക്കുന്നതില്‍ നിന്ന് ഇളവ് ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശികളായ വി.വി മോഹനനും ഭാര്യ ശാന്തയും നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം പറഞ്ഞത്. എ.ഐ ക്യാമറകള്‍ക്ക് ഒരുഭാഗത്തു നിന്നും വിമര്‍ശനമില്ല. പ്രതിപക്ഷവും സ്വാഗതം ചെയ്തിട്ടുണ്ട്.
അതേസമയം ക്യാമറകളും അനുബന്ധ ഉപകരണങ്ങളും വാങ്ങാനുള്ള തീരുമാനത്തില്‍ സുതാര്യതയില്ലെന്നും അഴിമതിയുണ്ടെന്നും മറ്റും ആരോപണമുണ്ടാകാം. അതൊക്കെ പ്രത്യേകം പരിഗണിക്കേണ്ട വിഷയങ്ങളാണ്. എ.ഐ ക്യാമറകള്‍ സ്ഥാപിക്കുന്നതിനെ ഇക്കാരണം പറഞ്ഞു നിരുത്സാഹപ്പെടുത്തരുത്. അടുത്തിടെ മാത്രമാണ് സ്ഥാപിച്ചത് എന്നതിനാല്‍ ചില സാങ്കേതിക പ്രശ്‌നങ്ങളും പിഴവുകളും ഒക്കെയുണ്ടാവാം. അവയൊക്കെ പരിഹരിക്കപ്പെടുമെന്നും സിംഗിള്‍ബെഞ്ച് പറഞ്ഞു.

തലവേദനയും അനുബന്ധ പ്രശ്‌നങ്ങളുമുള്ളതിനാല്‍ തങ്ങള്‍ക്ക് ഹെല്‍മെറ്റ് ധരിക്കാനാവില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. മാറാടിയില്‍ താമസിക്കുന്ന ഹര്‍ജിക്കാര്‍ ഇരുചക്ര വാഹനത്തിലാണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി പുറത്തു പോകുന്നത്. അതിനാല്‍ മൂവാറ്റുപുഴ ആര്‍.ടി.ഒയുടെ പരിധിയില്‍ ഹെല്‍മെറ്റില്ലാതെ ഇരുചക്ര വാഹനമോടിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇത്തരത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ ഇരുചക്രവാഹന യാത്ര ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.