കണ്ണൂര്‍: ഹൈക്കമാന്‍ഡും നേതാക്കളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടതിനാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് കെ. സുധാകരന്‍. പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നേതൃത്വത്തില്‍ തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നിയതു കൊണ്ടാണ് സ്ഥാനമൊഴിയുമെന്ന് പറഞ്ഞതെന്നും അദേഹം വ്യക്തമാക്കി.
പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തന്റെ പേരിലുള്ള സാമ്പത്തിക ഇടപാട് കേസ് റദ്ദാക്കാന്‍ കോടതിയെ സമീപിക്കാനും കെ. സുധാകരന്‍ തീരുമാനിച്ചു. പോക്സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്കും എതിരായി രണ്ട് ദിവസത്തിനകം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും സുധാകരന്‍ അറിയിച്ചു.
എന്നാല്‍ കെപിസിസി പ്രസിഡന്റ് തനിക്കെതിരായി നല്‍കുമെന്ന് പറഞ്ഞ കേസിനെ നിയമപരമായി നേരിടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. വാര്‍ത്തയുടെ ഭാഗമായിട്ടുള്ളത് പറഞ്ഞത് അടിസ്ഥാനമാക്കിയുള്ള കേസാണ്. അത് ജനങ്ങള്‍ കൃത്യമായി മനസിലാക്കും.
കേസ് നേരിടും. ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും എം.വി. ഗോവിന്ദന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സുധാകരനെതിരായ കേസിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന വാദവുമായി മുന്‍മന്ത്രി എ.കെ ബാലന്റെ ഇന്ന് രംഗത്തെത്തി.