ആലപ്പുഴ: എസ്.എഫ്.ഐ മുൻ നേതാവ് നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കണ്ടെടുത്തു. ഞായറാഴ്ച തെളിവെടുപ്പിനായി നിഖിലിനെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് രേഖകൾ കണ്ടെടുത്തത്. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിട്ടുണ്ട്.
കേസിലെ നിർണായക രേഖകളാണ് കണ്ടെടുത്തത്. പ്രതിക്ക് പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞത്.
നിഖിലിന്റെ മൊബൈൽ ഫോൺ വീട്ടിൽ നിന്ന് കണ്ടെത്താനായില്ല. കേസുമായി ബന്ധപ്പെട്ട പലതെളിവുകളും അതിലുണ്ടെന്നാണ് പൊലീസ് കരുതുന്നത്. വീടിനു സമീപത്തെ കരിപ്പുഴത്തോട്ടിൽ ഫോൺ ഉപേക്ഷിച്ചുവെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ആ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അത് കളവാണെന്നു മനസ്സിലായി.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കണ്ടെടുത്ത സാഹചര്യത്തിൽ അതു നൽകിയ എറണാകുളം പാലാരിവട്ടത്തെ സ്വകാര്യ ഏജൻസിയിൽ പൊലീസ് ഉടൻ പരിശോധന നടത്തും. തെളിവെടുപ്പിനായി നിഖിലിനെ അടുത്ത ദിവസം തന്നെ അവിടെ എത്തിക്കും.
എം.എസ്.എം കോളജിലും കേരള സർവകലാശാലയിലും തെളിവെടുപ്പിനായി കൊണ്ടുപോകും. സർവകലാശാലയിൽ നിന്ന് ഈക്വലൻസി സർട്ടിഫിക്കറ്റ് നേടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.